സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അടിമുറി മാറ്റത്തിനൊരുങ്ങി ബിജെപി; ത്രിപുരയിലെ സിലബസ് മാറുന്നു

single-img
11 April 2018

അഗര്‍ത്തല: സിപിഎമ്മിനെ കീഴടക്കി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അടിമുടി മാറ്റത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ പാഠപുസ്തകങ്ങള്‍ മാര്‍ക്‌സിസ്റ്റ് പ്രചാരണം നടത്തുന്നവയാണെന്നാണ് സര്‍ക്കാരിന്റെ വാദം.

ഇതിന് പകരം സ്‌കൂളുകളില്‍ എന്‍സിഇആര്‍ടിസി സിലബസ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. സിലബസ് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. അളവിലല്ല വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയിലാണ് കാര്യം. സാക്ഷരതാ അടിസ്ഥാനത്തില്‍ രാജ്യത്ത് മുന്‍പന്തിയിലാണ് ത്രിപുര.

എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവും നല്‍കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുരാജാക്കന്മാരെ മറന്ന് മാവോയെക്കുറിച്ചാണ് ഇതുവരെ ത്രിപുരയിലെ കുട്ടികളെ പഠിപ്പിച്ചതെന്നും പുസ്തകങ്ങളില്‍ നിന്ന് മഹാത്മാഗാന്ധിയെപ്പോലും ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. 25 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്.