അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു; നൂറിലേറെ മരണമെന്ന് റിപ്പോര്‍ട്ടുകള്‍

single-img
11 April 2018

അള്‍ജിയേഴ്‌സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ നൂറിലധികം സൈനികര്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എത്രപേര്‍ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാരിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. അല്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്.

ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം സമീപത്തെ കൃഷിയിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നെന്നാണ് സൂചന. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.