വി.ടി. ബല്‍റാമിനു നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം; എംഎല്‍എയുടെ കാറിന് കല്ലേറ്

single-img
10 April 2018

പാലക്കാട്: തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിനു നേരെ സിപിഎമ്മിന്റെ കരിങ്കൊടി പ്രതിഷേധം. ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീരസഹകരണ സംഘത്തിന്റെ സഹായധന വിതരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ എംഎല്‍എയുടെ കാറിന്റെ സൈഡ് ഗ്ലാസ് തകരുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നെന്നും അക്രമികളെ പിന്തുണയ്ക്കുന്ന സമീപനമാണു അവര്‍ സ്വീകരിച്ചതെന്നും ബല്‍റാം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

എകെജിക്ക് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നു ബല്‍റാം പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.