Latest News

പോലീസിന് ആള് മാറി; അച്ഛനെ മര്‍ദ്ദിച്ചവര്‍ക്കൊപ്പം മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ല; പോലീസിനെ കുരുക്കി വാസുദേവന്റെ മകന്‍

വരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെ കുടുക്കി പുതിയ വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷ് വെളിപ്പെടുത്തി. പോലീസിനെ വെട്ടിലാക്കുന്നതാണ് വിനീഷിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതില്‍ ആറുപേരെ കണ്ടാല്‍ അറിയാം. ഇവരുടെ പേരാണു പൊലീസില്‍ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ല. അക്രമത്തില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു.

മരണപ്പെട്ട ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നെന്നും അയാളുമായി ഒരുവിധ പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും വിനീഷ് വെളിപ്പെടുത്തി. വീടാക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നില്ലെന്നും വിനീഷ് പറഞ്ഞു.

വീടുകയറിയുള്ള അക്രമണത്തെ തുടര്‍ന്നു വിനീഷിന്റെ പിതാവ് വരാപ്പുഴ കുളമ്പുകണ്ടത്തില്‍ വാസുദേവന്‍ (55) ആത്മഹത്യ ചെയ്തിരുന്നു. ഇതേ തുടര്‍ന്നു വന്‍ജനരോഷം ഉയര്‍ന്നതോടെയാണു വീട്ടുകാരുടെ മൊഴിയനുസരിച്ചു പൊലീസ് സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, അക്രമി സംഘത്തിലുണ്ടായിരുന്ന ശ്രീജിത്തിനെയല്ല കസ്റ്റഡിയില്‍ എടുത്തതെന്നുള്ള മൊഴിയോടെ പൊലീസ് പ്രതിക്കൂട്ടിലായി.

ഇതിനിടെ ശ്രീജിത്തിന്റെ ചികിത്സാ രേഖ വിശദാംശങ്ങള്‍ പുറത്ത് വന്നു. ചെറുകുടലില്‍ മുറിവുണ്ടായിരുന്നെന്നും ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റെന്നും ഇതാണ് ആരോഗ്യനില വഷളാക്കിയതെന്നും രേഖ വ്യക്തമാക്കുന്നു.

ചികിത്സയിലിരിക്കെ തന്നെ ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ധം അതിതമായി ഉയര്‍ന്നിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഐ.ജി വിജയ് സാക്കറെ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം അപര്യാപ്തമാണെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. പൊലീസിന്റേതു ഗുരുതരവീഴ്ചയാണ്. ശ്രീജിത്തിനു മെഡിക്കല്‍ പരിശോധന നടത്തിയില്ല.

തുടര്‍ച്ചയായി തെറ്റുചെയ്യുന്ന പൊലീസുകാരെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തണം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റംവരുത്തണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് പറഞ്ഞു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ്.ആര്‍ ശ്രീജിത്ത് (26) ഇന്നലെ രാത്രി എഴുമണിയോടെയാണ് മരിച്ചത്.

വരാപ്പുഴ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോഴും അതിനുശേഷം സ്റ്റേഷനില്‍ വച്ചും തനിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് ശ്രീജിത്ത് ഭാര്യയോടും അമ്മയോടുമെല്ലാം വെളിപ്പെടുത്തിയിരുന്നു. ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയുമാണ് ശനിയാഴ്ച രാത്രി മഫ്തിയിലെത്തിയ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.