പാമ്പ് വിഷത്തിന് മരുന്ന് കോഴിമുട്ടയില്‍ നിന്ന്

single-img
10 April 2018

പാമ്പു വിഷത്തിനുള്ള മരുന്ന് കോഴിമുട്ടയില്‍ നിന്ന് കണ്ടെത്തി. 19 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി വികസിപ്പിച്ചത്. നാഡികളെയും രക്തവ്യൂഹത്തെയും രക്തചംക്രമണ വ്യവസ്ഥകളെയും ബാധിക്കുന്ന വിഷങ്ങള്‍ക്കാണ് മരുന്ന് പ്രതിവിധിയാകുന്നത്.

കോഴിമുട്ടയുടെ മഞ്ഞക്കരുവില്‍ വിഷം കുത്തിവച്ച ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് പാമ്പു വിഷത്തിനു എതിരായ ആന്റിബോഡി കണ്ടെത്തിയത്. തുടര്‍ന്ന് മൃഗങ്ങളിലും എലികളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചു. അടുത്ത വര്‍ഷം മരുന്ന് വിപണിയിലെത്തിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്.

1999 ലാണ് കോഴിമുട്ടയില്‍ നിന്ന് വിഷസംഹാരി ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണം ആരംഭിച്ചത്. കുതിരയുടെ ചോരയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നാണ് 70 വര്‍ഷത്തിലേറെയായി പാമ്പു വിഷത്തിനെതിരെ ഉപയോഗിക്കുന്നത്. ഈ മരുന്ന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നതടക്കമുള്ള ദൂഷ്യഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.