എസ്.എം. കൃഷ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ച് വരുന്നു

single-img
10 April 2018

മകള്‍ക്കു ബിജെപി സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ കോണ്‍ഗ്രസിലേക്കു മടങ്ങിയേക്കുമെന്നു സൂചന. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം തന്റെ മാതൃപാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

എസ്.എം.കൃഷ്ണ ഒരു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ അദ്ദേഹം നിരാശയിലായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള താത്പര്യം എസ്.എം.കൃഷ്ണ നേതാക്കളോട് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മകള്‍ ഷാംഭവി കൃഷ്ണയെ രാജരാജേശ്വരിനഗര മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.പരമേശ്വരയും മന്ത്രി ഡി.കെ.ശിവകുമാറും കൃഷ്ണ പാര്‍ട്ടിയിലേക്കെത്തുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാര്‍ച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചുവടുമാറ്റിയത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് അംഗത്വം നല്‍കിയത്. കൃഷ്ണയുടെ ബിജെപി ബാന്ധവത്തിന് ഒരു വയസ്സ് പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണു മാതൃസംഘടനയിലേക്കുള്ള മടക്കത്തിനു വഴിയൊരുങ്ങുന്നത്.