വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ലോകായുക്തയുടെ സുപ്രധാന ഉത്തരവ്; 4.36 സെന്റുകൂടി പിടിച്ചെടുക്കണം

single-img
10 April 2018

തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭുമി ഇടപാട് കേസില്‍ ലോകായുക്തയുടെ സുപ്രധാനമായ ഉത്തരവ്. പാറ്റൂര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഫ്‌ലാറ്റ് ഉള്‍പ്പെട്ട 4.36 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിരിക്കുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ലോകായുക്തയുടെ വിധി. പൊതുസമൂഹത്തിനു വേണ്ടിയാണ് ഉത്തരവിറക്കുന്നതെന്ന് ലോകായുക്ത പറഞ്ഞു.

ഫ്‌ലാറ്റിനു പടിഞ്ഞാറു വശത്തുള്ള ഭൂമിയാണു പിടിച്ചെടുക്കേണ്ടത്. അതേസമയം ലോകായുക്തയുടെ വിധി പൂര്‍ണമായും ഫഌറ്റ് കമ്പനിക്ക് എതിരല്ല. ലോകായുക്ത വിധിയില്‍ ഏറ്റെടുക്കാമെന്ന് പറയുന്ന ഭൂമി പുറമ്പോക്കാണെന്ന് നരത്തെ തന്നെ കണ്ടെത്തിയതാണ്. ഇത് സ്ഥിരീകരിക്കുന്നു എന്നത് മാത്രമാണ് ഉത്തരവുകൊണ്ടുണ്ടായ നേട്ടം.

നേരത്തെ 12 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത് ഈ ഫഌറ്റിന്റെ നടുവില്‍ കൂടിയായിരുന്നു. ഇത് അവിടെനിന്ന് മാറ്റിയതിന് ശേഷമായിരുന്നു ഫഌറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതാണ് വിവാദത്തിന് കാരണമായത്.

എന്നാല്‍ ഈ വിവാദ വിഷയത്തില്‍ ലോകായുക്ത ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ഉത്തരവിലും പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍ തന്നെ ലോകായുക്തയുടെ ഭാഗത്തുനിന്നുണ്ടായത് എവിടെയും തൊടാതെയുള്ള ഉത്തേരവാണെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്. അതേസമയം, ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്‍ടെക് ബില്‍ഡേഴ്‌സ് വ്യക്തമാക്കി.

പാറ്റൂരില്‍ ജലഅതോറിറ്റിയുടെ മലിനജലക്കുഴല്‍ മാറ്റിയിട്ടതിലൂടെ സ്വകാര്യ ഫ്‌ലാറ്റ്‌നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി അന്യായമായി ലഭിച്ചെന്നതാണ് വിവാദമായ കേസ്. ജലഅതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ആര്‍ സോമശേഖരന്‍, എസ് മധു, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആര്‍ടെക് ഉടമ ടിഎസ് അശോക് എന്നിവരാണ് കേസിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.

ഇതില്‍ ഇകെ ഭരത് ഭൂഷണിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് റദ്ദാക്കിയതും പ്രതികളെ വെറുതെ വിട്ടതും. എന്നാല്‍ പൈപ്പ് മാറ്റിയിടലുമായി ബന്ധപ്പെട്ടതല്ലാത്ത സ്ഥലം കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലോകായുക്തയ്ക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.