ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി: പറവൂരില്‍ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം

single-img
10 April 2018

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടി.

വരാപ്പുഴയില്‍ കൈക്കുഞ്ഞുമായി പോയ യുവാവിനെ ഹര്‍ത്താല്‍ അനുകൂലികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇതുവഴി പോയ ബൈക്ക് യാത്രക്കാരനെയും ബിജെപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു. രാവിലെ നിരത്തിലിറങ്ങിയ ഇരുചക്ര വാഹനങ്ങളടക്കമുള്ളവ പ്രവര്‍ത്തകര്‍ തടയുന്നുണ്ട്.

സ്വകാര്യബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ തുടങ്ങിയെങ്കിലും സമരക്കാര്‍ ഇടപെട്ടു നിര്‍ത്തിവച്ചു. കെഎസ്ആര്‍ടിസിയും വരാപ്പുഴ ഒഴിവാക്കിയാണു സര്‍വീസ് നടത്തുന്നത്. പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ഥിനികളെയും പ്രവര്‍ത്തകര്‍ തടയുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.

വിദ്യാര്‍ഥിനികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ അടിച്ചുകൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രദേശത്ത് നില ശാന്തമാക്കാന്‍ പോലീസ് സന്നാഹം ആവശ്യത്തിനില്ലെന്നും ആക്ഷേപമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടു കിട്ടുന്ന ശ്രീജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധം നടത്തുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

പൊലീസ് മര്‍ദനത്തെത്തുടര്‍ന്നാണു ശ്രീജിത്ത് മരിച്ചതെന്നാണ് ആരോപണം. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാകാം മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. പ്രാഥമികാന്വേഷണം നടത്താന്‍ എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയ്ക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസമാണു വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു മരണം.

മല്‍സ്യത്തൊഴിലാളിയായ വരാപ്പുഴ ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) മരിച്ചതുമായി ബന്ധപ്പെട്ടാണു ശ്രീജിത്ത് ഉള്‍പ്പെടെ 10 പേരെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച മനുഷ്യാവകാശ കമ്മിഷന്‍ അംഗം ശ്രീജിത്തിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. കസ്റ്റഡിയില്‍ ശ്രീജിത്തിനെ മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. അതിനു പിന്നാലെയാണ് വൈകിട്ട് ഏഴു മണിയോടെ ശ്രീജിത്തിന്റെ മരണം.

അതേസമയം, മരണത്തിന് ഇടയാക്കിയത് പൊലീസ് മര്‍ദനമാവാന്‍ ഇടയില്ലെന്നാണു പൊലീസിന്റെ വാദം. നാട്ടുകാരുമായുള്ള സംഘര്‍ഷത്തില്‍ മര്‍ദനമേറ്റതായി ശ്രീജിത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞിരുന്നു. കോടതിയില്‍ കൊണ്ടു പോകുന്നതിനു മുമ്പ് വയറ്റില്‍ വേദനയുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

ഗൃഹനാഥന്റെ മരണത്തെ തുടര്‍ന്നു ശ്രീജിത് ഉള്‍പ്പെടെ പത്തു പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കു കൊണ്ടു ചെന്നപ്പോള്‍ പിറ്റേന്നു കോടതിയില്‍ ഹാജരാക്കിയാല്‍ മതി എന്നു പറഞ്ഞു. തുടര്‍ന്നാണു താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചത്. തനിക്കു മര്‍ദനമേറ്റതായി ശ്രീജിത്ത് ആശുപത്രിയില്‍ അറിയിച്ചിട്ടുണ്ട്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ ഒരുമിച്ചാണു കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്നത്.