മനുഷ്യര്‍ക്കൊപ്പമുള്ള ജീവിതത്തില്‍ നിരാശ മാത്രം; സ്‌പെയിനിലെ ‘മൗഗ്ലി’ കാട്ടിലേക്ക്

single-img
10 April 2018

ജംഗിള്‍ ബുക്കിലെ മൗഗ്ലിയെ പോലെ 12 വര്‍ഷം കാട്ടില്‍ ചെന്നായ്ക്കള്‍ വളര്‍ത്തിയതാണ് സ്‌പെയിനിലെ മാര്‍ക്കോസ് റോഡ്രിഗസ് പന്റോജയെ. ഏഴാം വയസില്‍ സ്‌പെയിനിലെ സിയറ മൊറീന മലനിരകളില്‍ വെച്ചാണ് മാര്‍ക്കോസിനെ ചെന്നായ്ക്കള്‍ക്ക് ലഭിച്ചത്.

19ാമത്തെ വയസില്‍ പന്റോജയെ കണ്ടെത്തുമ്പോള്‍ നഗ്‌നത പാതി മറച്ച് നഗ്‌നപാദനായി ജീവിക്കുകയായിരുന്നു. ആദ്യമെല്ലാം ചെന്നായ്ക്കളെ പോലെ മുരണ്ട് മാത്രമായിരുന്നു ആശയവിനിമയം. പിന്നീട് പന്റോജയെ സാധാരണ മനുഷ്യജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

സ്‌പെയിനിലെ മൗഗ്ലിയെന്നാണ് പന്റോജ അറിയപ്പെടുന്നത്. 72 വയസായെങ്കിലും ചെന്നായ്ക്കൂട്ടത്തിലേക്ക് മടങ്ങിപ്പോകാനാണ് പന്റോജ ആഗ്രഹിക്കുന്നത്. മനുഷ്യര്‍ക്കൊപ്പമുള്ള ജീവിതം മടുത്ത പന്റോജ അതിന് കാരണമായി പറയുന്നത് സമൂഹം തന്നെ ഇപ്പോഴും അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ്.

പാമ്പുകളും വവ്വാലുകളും നിറഞ്ഞ ഗുഹയിലേക്ക് മടങ്ങിപ്പോകണം. ആ കാലഘട്ടമായിരുന്നു ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിരുന്നത്. മനുഷ്യജീവിതത്തിലേക്ക് മടങ്ങി വന്നത് മുതല്‍ പലരാല്‍ പല തവണ ചതിക്കപ്പെട്ടു. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥര്‍ ചൂഷണം ചെയ്തു പന്റോജ പറഞ്ഞു.

ഇപ്പോഴും മൃഗങ്ങളെ പോലെ ശബ്ദമുണ്ടാക്കാനും ചേഷ്ടകള്‍ കാണിക്കാനും പന്റോജയ്ക്ക് കഴിയും. മാത്രമല്ല മൃഗങ്ങളോട് ആശയവിനിമയം നടത്താനും സാധിക്കും. ഗലീഷയിലെ വീട്ടിലാണ് പന്റോജ താമസിക്കുന്നത്. പെന്‍ഷന്‍ മാത്രമാണ് വരുമാനം.

മൂന്നാം വയസില്‍ അമ്മ മരിച്ചതോടെ അച്ഛന്‍ ഒരു ആട്ടിടയന് വിറ്റതാണ് പന്റോജയെ. ഇവിടെ നിന്ന് കാട്ടിലെത്തി. തിരികെ നാട്ടിലെത്തിയപ്പോള്‍ സന്യാസിനീ സമൂഹം നടത്തിയിരുന്ന അനാഥാലയത്തില്‍ ജീവിച്ചു. അവരാണ് രണ്ട് കാലില്‍ നടക്കാന്‍ ശീലിപ്പിച്ചത്.