സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

single-img
10 April 2018

സൗദിയില്‍ പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് നാഷനല്‍ അഡ്രസ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. പുതിയ നിബന്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായ സ്വദേശികളും വിദേശികളും നാഷണല്‍ അഡ്രസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണം.

വ്യക്തികള്‍ക്ക് താമസിക്കുന്ന കെട്ടിടവും സ്വകാര്യ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ അഡ്രസും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനുള്ളതാണ് നാഷനല്‍ അഡ്രസ് സംവിധാനം. കെട്ടിടത്തിന്റെ നാലക്ക നമ്പറും മാപ്പില്‍ കാണുന്ന ലൊക്കേഷനും ഉറപ്പുവരുത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അതിന്റെ റഫറന്‍സ് നമ്പര്‍ മൊബൈല്‍ വഴി ലഭിക്കും. ഒന്നിലധികം പേര്‍ ഒന്നിച്ചുകഴിയുന്ന കെട്ടിടത്തിലെയും ഫ്‌ളാറ്റുകളിലെയും താമസക്കാര്‍ക്ക് ഒരേ നമ്പര്‍ ഉപയോഗിച്ച് ഒന്നിലധികം പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.

അതേസമയം ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏപ്രില്‍ 13 മുതല്‍ നാഷണല്‍ അഡ്രസ് നിര്‍ബന്ധമാണെന്ന് വിവിധ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അഡ്രസ് ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാത്തവരുടെ എക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സൗദി ബാങ്കുകളുടെ മേല്‍നോട്ടമുള്ള അതോറിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സൗദി പോസ്റ്റിന്റെ കീഴിലുള്ള വെബ്‌സൈറ്റില്‍ ലളിതമായ നടപടിയിലൂടെ നാഷണല്‍ അഡ്രസ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.