ഒരു മോഷണം മാറ്റിമറിച്ച ജീവിതം

single-img
10 April 2018

നോര്‍ത്ത് കരോലിനയില്‍ ജിമ്മി റെഡ് ഡോഗ്‌സ് എന്ന ബാര്‍ നടത്തുകയാണ് ജിമ്മി ഗില്ലീസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജിമ്മിക്ക് മെക്‌സിക്കോയില്‍ നിന്ന് ഒരു സ്ത്രീയുടെ സന്ദേശം ലഭിച്ചു. ബാറില്‍ വെച്ച് ആ സ്ത്രീയുടെ പഴ്‌സ് നഷ്ടപ്പെട്ടെന്നും അതില്‍ 10,000 ഡോളറിന്റെ ഒരു മോതിരവും ഉണ്ടെന്നായിരുന്നു സന്ദേശം.

ആ സ്ത്രീയെ സഹായിക്കാനായി ജിമ്മി ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബെഞ്ചിലിരുന്ന പഴ്‌സ് ഒരു ആണ്‍കുട്ടി എടുത്തുകൊണ്ട് പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ‘കള്ള’ന്റെ ചിത്രം ജിമ്മി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തു. ഈ സമയം സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പ്രദേശവാസികളുടെ സഹായത്തോടെ 17കാരനായ റിവേഴ്‌സ് പാന്തര്‍ ആണ് ആ ‘കള്ളന്‍’ എന്ന് ജിമ്മി കണ്ടെത്തി. ആ സമയം റിവേഴ്‌സ് ഒരു കാട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭക്ഷണം വാങ്ങാനുള്ള പണമില്ലാത്തതിനെ തുടര്‍ന്നാണ് റിവേഴ്‌സ് പഴ്‌സ് മോഷ്ടിച്ചത്. മോഷ്ടിച്ച പഴ്‌സില്‍ നിന്ന് പണം മുഴുവന്‍ എടുത്ത ശേഷം അവന്‍ അത് സമുദ്ര നീര്‍ച്ചാലിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

സാധാരണ ആളുകള്‍ ഇത്തരമൊരു സംഭവത്തില്‍ കള്ളനെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച് സ്വന്തം കാര്യം നോക്കി പോവുകയാണ് ചെയ്യുക. എന്നാല്‍ ജിമ്മി അതായിരുന്നില്ല ചെയ്തത്. അദ്ദേഹം നീന്തല്‍വിദഗ്ധരെ സംഘടിപ്പിച്ച് സമുദ്ര നീര്‍ച്ചാലില്‍ നിന്ന് പഴ്‌സ് മുങ്ങിയെടുപ്പിച്ചു. ഭാഗ്യവശാല്‍ മോതിരം പഴ്‌സില്‍ തന്നെയുണ്ടായിരുന്നു.

അവിടംകൊണ്ട് തീര്‍ന്നില്ല ജിമ്മിയുടെ നന്മ. ഈ സമയം റിവേഴ്‌സ് അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികസമ്മര്‍ദ്ദം എത്രത്തോളമായിരിക്കുമെന്ന് മനസിലാക്കി ജിമ്മി അവനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവന് ഒരു ജോലി ശരിയാക്കികൊടുക്കുകയും ചെയ്തു.