വീണ്ടും കസ്റ്റഡിമരണം; വരാപ്പുഴയില്‍ വീട് ആക്രമിച്ചകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

single-img
10 April 2018

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ശ്രീജിത്ത് മരിച്ചു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുളം റേഞ്ച് ഐജി അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അവശനിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ശ്രീജിത്തിന്റെ നില ഗുരുതരമായി തുടരുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്. ചെറുകുടല്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിനോടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വിശദീകരണം.