പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ മോദിസര്‍ക്കാര്‍ മുട്ടുമടക്കി; കശാപ്പിനായി കന്നുകാലികളെ വില്‍ക്കാം

single-img
10 April 2018

ന്യൂഡല്‍ഹി: വിവാദമായ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ ഇളവ്. കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്‍ക്കുന്നതിനുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മെയ് 23ന് ഇറക്കിയ വിജ്ഞാപനമാണ് ഭേദഗതി ചെയ്തത്.

ആരോഗ്യമില്ലാത്തതും പ്രായം കുറഞ്ഞതുമായ കന്നുകാലികളെ വില്‍ക്കരുതെന്ന ചട്ടം വിജ്ഞാപനത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കാലികളെ അറവിനായിട്ടല്ല വില്‍ക്കുന്നതെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കാലിചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും എടുത്തുകളഞ്ഞു.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പിനെ തുടര്‍ന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഭേദഗതി ചെയ്യാന്‍ തയ്യാറായത്. ജനങ്ങളുടെ ഭക്ഷണ ശീലത്തിലുള്ള കടന്നുകയറ്റമാണ് നേരത്തെ ഇറക്കിയ വിജ്ഞാപനമെന്ന് ആരോപണമുയര്‍ന്നിരുന്നു.

കാലിച്ചന്തകളിലെ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ തലങ്ങളില്‍ കളക്ടര്‍ അധ്യക്ഷനായ സമിതികള്‍ വേണമെന്നതാണ് പുതുക്കിയ കരടിലെ പ്രധാന വ്യവസ്ഥ. അനാരോഗ്യമുള്ളതും ഗര്‍ഭാവസ്ഥയില്‍ ഉള്ളതും ആറുമാസത്തില്‍ താഴെമാത്രം പ്രായമുള്ളതുമായ കന്നുകാലികളെ വില്‍ക്കാന്‍ അനുവദിക്കരുത്.

കന്നുകാലി വില്‍പനയുടെ രജിസ്റ്റര്‍ സൂക്ഷിക്കണം. ചട്ടങ്ങള്‍ പാലിച്ചാണോ വില്‍പ്പനയെന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. കാലിച്ചന്തകളില്‍ എത്തിക്കുന്ന മൃഗങ്ങളുടെ കൊമ്പ് ഛേദിക്കരുത്, മൂക്കോ ചെവിയോ ഇരുമ്പുപയോഗിച്ച് തുളയ്ക്കരുത്, തിരിച്ചറിയില്‍ മുദ്ര പതിപ്പിക്കാനും ഭക്ഷണം കഴിക്കുന്നത് തടയാന്‍ വായ ബന്ധിക്കാനും പാടില്ല.

അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തുള്ള കാലിച്ചന്തകളിലേക്ക് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് കാലികളെ നിയമവിരുദ്ധമായി കടത്തരുത്. ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കാലിച്ചന്തകളുടെ ലൈസന്‍സ് റദ്ദാക്കാനും വില്‍പനക്കാര്‍ക്ക് ചന്തകളില്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുമുള്ള വ്യവസ്ഥകളോടെയാണ് കരട് വിജ്ഞാപനം. ഈ മാസം 22ാം തീയതി വരെ സര്‍ക്കാറുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം.