വാഹനപ്രേമികളെ വിസ്മയിപ്പിച്ച് അബുദാബിയില്‍ അന്താരാഷ്ട്ര മോട്ടോര്‍ ഷോ

single-img
10 April 2018

അബുദാബി: വാഹന പ്രേമികളെ വിസ്മയിപ്പിച്ചു മൂന്നാമത് അന്താരാഷ്ട്ര മോട്ടോര്‍ ഷോ അബുദാബിയില്‍. മൂന്ന് ദിനങ്ങളിലായി അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം നടന്നത്. ലോകത്തിലെ എല്ലാ മുന്‍നിര കമ്പനികളുടെയും ഏറ്റവും പുതിയ കാറുകളെക്കുറിച്ചും, ഇവയുടെ പ്രത്യേകതകളുമെല്ലാം അടുത്ത് അറിയുവാനുള്ള അവസരമായിരുന്നു മോട്ടോര്‍ പ്രദര്‍ശനം.

വിവിധ തരത്തിലുള്ള കാര്‍ അനുബന്ധ ഉത്പന്നങ്ങളും ദുബായ്, അബുദാബി പോലീസിന്റെ അത്യാധുനിക വാഹനങ്ങളും മേളയില്‍ പരിചയപെടുത്തുന്നുണ്ട്. വ്യത്യസ്തതയാര്‍ന്ന ആയിരത്തില്‍ അധികം വാഹനങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്.

അത്യാധുനിക സംവിധാനങ്ങളുള്ള പുത്തന്‍ വാഹന കാഴ്ചകള്‍ക്ക് പുറമെ വിവിധ വാഹനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. വൈവിധ്യമാര്‍ന്ന കാറുകള്‍ക്ക് പുറമെ, ബൈക്കുകളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചു.

വാഹന പ്രേമികള്‍ക്ക് പുത്തന്‍ കാറുകള്‍ പരിചയപെടുന്നതിനോടൊപ്പം, അവ സ്വന്തമാക്കുവാനും പ്രദര്‍ശനത്തില്‍ അവസരമുണ്ടായിരുന്നു. ആഡംബര വാഹനങ്ങളുടെ ആരാധകര്‍ക്ക് പുത്തന്‍ അനുഭവം ആണ് മൂന്നു ദിവസം നീണ്ടുനിന്ന മോട്ടോര്‍ ഷോ സമ്മാനിച്ചത്.