റേഡിയോ ജോക്കിയുടെ വധം: ‘അലിഭായ്’ ഇന്ന് കേരളത്തിലെത്തി കീഴടങ്ങുമെന്ന് സൂചന

single-img
10 April 2018

തിരുവനന്തപുരം കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി ഇന്ന് കേരളത്തിലെത്തും. എംബസി വഴി പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ അലിഭായി കീഴടങ്ങുമെന്നാണ് പൊലീസിന് സൂചന ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.

രാജേഷിനെ കൊന്നവരെയും കൊല്ലിച്ചവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിന്റെ നിര്‍ദേശപ്രകാരം അലിഭായിയും കൂട്ടരും ചേര്‍ന്ന് നടത്തിയ ക്വട്ടേഷന്‍ കൊലയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പോലീസിന് മുമ്പാകെ കീഴടങ്ങുക എന്ന ഉദ്ദേശത്തിലാണ് അലിഭായി എത്തുന്നത്. നാട്ടിലേക്ക് ഇയാള്‍ ടിക്കറ്റ് എടുത്തതായിട്ടാണ് വിവരം.

കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ കീഴടങ്ങുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. രാജേഷിനെ കൊലപ്പെടുത്തിയത് അലിഭായിയുടെ നേതൃത്വത്തില്‍ തന്നെയാണെന്ന് പോലീസ് പറയുന്നു.

കൊല നടത്താനായി കേരളത്തില്‍ എത്തിയ അലിഭായി കൃത്യം നടത്തിയ ശേഷം കാര്‍മാര്‍ഗ്ഗം ബംഗലുരുവിലേക്കും അവിടെ നിന്നും നേപ്പാള്‍ വഴി ഖത്തറിലേക്കും പറന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഖത്തറിലുള്ള അലിഭായിയെ കേരളത്തില്‍ എത്തിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയായിരുന്നു.

ഇതിനായി ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ഉറപ്പായതോടെയാണ് അലിഭായി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് സൂചനയുണ്ട്. ഖത്തറില്‍ നിന്നുള്ള വ്യവസായിയുടെ ക്വട്ടേഷനാണ് ഇതെന്നാണ് സൂചനകള്‍.

സംഭവത്തില്‍ ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറിനെ പിടികൂടാനും പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജേഷിന്റെ വനിതാസുഹൃത്തിനെയും ചോദ്യം ചെയ്‌തേക്കും. ഇവര്‍ക്കും ക്വട്ടേഷന്‍ നല്‍കിയയാള്‍ എന്ന് പോലീസ് കരുതുന്ന മുന്‍ ഭര്‍ത്താവ് ഖത്തര്‍ വ്യവസായി സത്താറിനും ഗള്‍ഫില്‍ സഞ്ചാരവിലക്ക് ഉള്ളതിനാല്‍ ഇരുവരെയും നേരിട്ട് കണ്ട് മൊഴിയെടുക്കാനും പോലീസിന് ശ്രമിക്കുന്നുണ്ട്.