റേഡിയോ ജോക്കിയുടെ കൊലപാതകം: വിമാനമിറങ്ങിയതിന് പിന്നാലെ അലിഭായിയെ പോലീസ് ‘കുടുക്കി’

single-img
10 April 2018

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിന് പിന്നാലെയാണ് പൊലീസ് പിടികൂടിയത്.

ഖത്തറിലേക്ക് കടന്ന ഇയാളെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ സ്വാതി സന്തോഷിനെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ പിടികൂടിയവരുടെ എണ്ണം നാലായി.

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത്. രാജേഷിന്റെ ഖത്തറിലെ സുഹൃത്തായ നൃത്താധ്യാപികയുടെ ഭര്‍ത്താവ് ഖത്തറിലെ വ്യവസായിയാണു ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതും രാജേഷിനെ ഇല്ലാതാക്കാനുള്ള കാരണമായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. മടവൂര്‍ ജംക്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്.