രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തര്‍ വ്യവസായി; കാരണമായത് മുന്‍ ഭാര്യയുമായുള്ള ബന്ധം: പോലീസ് കസ്റ്റഡിയില്‍ സത്യം തുറന്ന് പറഞ്ഞ് അലിഭായി

single-img
10 April 2018

തിരുവനന്തപുരം കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷ് വധത്തില്‍ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറാണെന്നും കൊലയ്ക്ക് കാരണം രാജേഷും സത്താറിന്റെ മുന്‍ഭാര്യയും തമ്മിലുള്ള ബന്ധമാണെന്നും അലിഭായ് പൊലീസിനോട് തുറന്നുപറഞ്ഞു.

രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഖത്തര്‍ പൊലീസ് പിടികൂടിയ അലിഭായിയെ ജെറ്റ് എയര്‍വേസില്‍ തിരുവനന്തപുരത്തേക്ക് അയയ്ക്കുകയും വിമാനത്താവളത്തില്‍ കാത്തു നിന്ന പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

രാജേഷിനെ തന്റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ഖത്തറില്‍ തന്റെ ജിംനേഷ്യത്തിന്റെ ഉടമയായ സത്താറിന്റെ കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു.

തന്റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഖത്തറില്‍ നിന്ന് നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നല്‍കിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു.

കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. കേസിലെ മുഖ്യപ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ ഇന്ന് തന്നെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം പോലീസ് തുടങ്ങി.

കനത്ത പോലീസ് കാവലിലായിരിക്കും ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരിക. അതേസമയം ഒളിവില്‍ തുടരുന്ന അപ്പുണ്ണിക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ചുവന്ന മാരുതി സ്വിഫ്റ്റ് കാറിലെത്തിയ സംഘം മടവൂരിലുള്ള സ്റ്റുഡിയോയ്ക്ക് മുന്നില്‍ വച്ച് രാജേഷിനെ വെട്ടി വീഴ്ത്തിയത്.