ഹർത്താൽ അനുകൂലികൾ സുരേഷ്ഗോപി എംപിയെയും ‘വെറുതെ വിട്ടില്ല’

single-img
9 April 2018

ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വരുകയായിരുന്ന സുരേഷ് ഗോപി എം.പിയെ ഹര്‍ത്താല്‍ അനുകൂലികള്‍ രണ്ടിടത്ത് തടഞ്ഞു. തിരുവല്ലയിലും സമീപത്തുള്ള കുറ്റൂരിലുമാണ് കാര്‍ തടഞ്ഞത്. തിരുവല്ലയില്‍ പൊലീസെത്തി സമരക്കാരെ നീക്കുകയായിരുന്നു. കുറ്റൂരില്‍ അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞ ദളിത് സംഘടനകള്‍ പിന്നീട് വാഹനം കടത്തിവിട്ടു. ഹർത്താലിൽ വ്യാപകമായ രീതിയില്‍ വഴിതടഞ്ഞു.

തിരുവനന്തപുരത്തു ഹർത്താലിൽ അങ്ങിങ്ങ് അക്രമമുണ്ടായി. വാഹനങ്ങൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമമുണ്ടായി. സ്വകാര്യവാഹനങ്ങളും തടഞ്ഞു. കെഎസ്ആർടിസി ബസുകൾ രാവിലെ സർവീസ് തുടങ്ങിയെങ്കിലും പലയിടങ്ങളിലും സമരക്കാർ ബസുകൾ തടഞ്ഞു. മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു.

നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞു. ഇതോടെ സർവീസ് നിർത്തിവച്ചെങ്കിലും പത്തരയോടെ സർവീസ് പുനരാരംഭിച്ചു. ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്. പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ചാലയിൽ ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമിച്ചത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി.