നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി

single-img
9 April 2018

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്ന് വാങ്ങിയ നോക്കുകൂലി യൂണിയനുകള്‍ തിരികെ നല്‍കി. ചാക്കയിലെ സൂധീറിന്റെ വീടു പണിതു കൊണ്ടിരിക്കുന്ന സ്ഥലത്തെത്തിയാണ് തൊഴിലാളി സംഘടനകള്‍ നോക്കുകൂലി വാങ്ങിയത്.

25000 രൂപയായിരുന്നു സംഘടനകള്‍ വാങ്ങിയത്. ഇത് തിരിച്ചു നല്‍കിയതായും, യൂണിയന്‍ തൊഴിലാളികള്‍ ഖേദം പ്രകടിപ്പിച്ചതായും സുധീര്‍ കരമന വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമായിരുന്നെന്നും, എന്നാല്‍ തൊഴിലാളികളുടെ ജോലി നഷ്‌ടമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധീര്‍ കൂട്ടിച്ചേര്‍ത്തു.

വീടുപണിയ്‌ക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയത്. നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്‌തതോടെ തൊഴിലാളികള്‍ ചീത്തവിളിച്ചെന്നും നടന്‍ ആരോപിച്ചിരുന്നു. സി.ഐ.ടി.യു അടക്കം മൂന്ന് യൂണിയനുകളും ചേര്‍ന്നാണ് നോക്കു കൂലി വാങ്ങിയത്.

സംഭവം വിവാദമായതോടെ നോക്ക് കൂലി വാങ്ങിയ നടപടി തെറ്റായിപ്പോയെന്ന് തൊഴിലാളി സംഘടനകള്‍ സമ്മതിച്ചു. അരിശും മൂട് യൂണിറ്റിലെ 14 യൂണിയന്‍ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു.