കാരണവര്‍ വധം; ഷെറിന്‍ ജീവപര്യന്തം അഴിക്കുള്ളിൽ കിടക്കണം

single-img
9 April 2018

മാവേലിക്കര ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവച്ചു. നേരത്തെ ഹൈക്കോടതിയും ശിക്ഷ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഷെറിൻ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് കോടതി പറഞ്ഞു.

കൊലപാതകം നടക്കുമ്പോൾ ഷെറിൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയിൽ നൽകിയ മൊഴിയിൽ കൂട്ടുപ്രതികളുമായി ചേർന്ന് പ്രവർത്തിച്ചതായി ഷെറിൻ സമ്മതിച്ചിട്ടുണ്ടെന്നും ജസ്‌റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എൽ.നാഗേശ്വർ റാവു എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ള ആളാണെന്നും കേസിൽ തന്നെ കുടുക്കിയതാണെന്നുമായിരുന്നു ഷെറിന്‍റെ സുപ്രീംകോടതിയിലെ വാദം.

2009 നവംബർ ഏഴിനാണ് കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവർ (65) കൊല്ലപ്പെട്ടത്. അമേരിക്കയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

ഷെറിന്റേയും ഭർത്താവ് ബിനു പീറ്റർ കാരണവരുടേയും മകൾ ഐശ്വര്യ അന്നയുടേയും പേരിൽ ഭാസ്‌കര കാരണവർ രജിസ്റ്റർ ചെയ്ത ആധാരം റദ്ദാക്കിയതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷെറിനെ കൂടാതെ ബാസിത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരാണ് കേസിലെ പ്രതികൾ. ഷെറിന് മൂന്ന് ജീവപര്യന്തവും മറ്റ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തവുമായിരുന്നു ശിക്ഷ. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.