പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ വാരണാസിയില്‍ പോലും മോദി ജയിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

single-img
9 April 2018

2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാരണാസിയില്‍ പരാജയപ്പെടുത്താമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ‘ജനാശിര്‍വാദ യാത്ര’യില്‍ സംസാരിക്കുന്ന വേളയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീയ കക്ഷികള്‍ക്ക് പ്രാദേശികവും വ്യക്തിപരവുമായ പല അഭിപ്രായങ്ങളുമുണ്ടായിരിക്കും. അതിനെ അതിജീവിച്ച് സഖ്യം രൂപീകരിക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് വിജയം അസാധ്യമായി മാറും. ബിജെപിക്കെതിരെ കോണ്‍ഗ്രസിനു പുറമെ എസ്പിയും ബിഎസ്പിയും ഒന്നിച്ച് നിന്നാല്‍ വാരണാസി പോലും മോദിക്ക് നഷ്ടമാകും.

വിവിധ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളുമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് കഴിയും. കോണ്‍ഗ്രസ് ജനങ്ങളെ അടിച്ചമര്‍ത്തുന്ന ശൈലി പിന്തുടരുന്നില്ല. ആര്‍എസ്എസും മോദിയും ഇന്ത്യയെ തകര്‍ക്കുകയാണ്. ഈ ശോചനീയമായ സ്ഥിതിയില്‍ നിന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെന്നതാണ് നമ്മുക്ക് മുന്നിലുള്ള വെല്ലുവിളി.

ബിജിപിയെ തോല്‍പ്പിക്കാനായി ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ വിചാരിച്ചാല്‍ സാധിക്കും. ഇവര്‍ ബിജെപി എതിരായ നിലപാട് സ്വീകരിച്ചാല്‍ അവര്‍ക്ക് രാജ്യത്ത് ഒരിടത്തും ജയിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.