അതിഥികളെ വരവേല്‍ക്കാന്‍ ബഹിരാകാശത്ത് ഹോട്ടല്‍ ഒരുങ്ങുന്നു

single-img
9 April 2018

ബഹിരാകാശത്ത് ആദ്യ ആഡംബര ഹോട്ടല്‍ ഒരുങ്ങുന്നു. 2022 മുതല്‍ അതിഥികളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഒറിയോണ്‍ സ്പാന്‍ എന്ന കമ്പനിയാണ് 35 അടി നീളവും 14 അടി വീതിയുമുള്ള ഒറോറ സറ്റേഷന്‍ തയ്യാറാക്കുന്നത്. 2021 അവസാനത്തോടെ ഹോട്ടലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് സന്ദര്‍ശകര്‍ക്കും രണ്ട് ക്രൂ അംഗങ്ങള്‍ക്കും ഒരേ സമയത്ത് ഇവിടെ ചെലവഴിക്കാന്‍ കഴിയും. 12 ദിവസം സന്ദര്‍ശകര്‍ക്ക് ഇവിടെ കഴിയാനാകും. ഗുരുത്വാകര്‍ഷണമില്ലാത്ത ഇവിടെ നിന്ന് ഭൂമിയിലെ കാഴ്ചകള്‍ കാണാന്‍ സാധിക്കും. അതിന് പുറമെ ഗവേഷണം നടത്താനും ഭൂമിയിലുള്ളവരുമായി അതിവേഗ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്താനും സാധിക്കും.

ഒറോറ സ്‌റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് ചില തയ്യാറെടുപ്പുകള്‍ വേണം. മൂന്ന് മാസത്തെ പരിശീലനം കമ്പനി നല്‍കും. ഓണ്‍ലൈനായാണ് പ്രാരംഭ പരിശീലനം. ബഹിരാകാശ യാത്ര, ഓര്‍ബിറ്റല്‍ മെക്കാനിക്‌സ്, ബഹിരാകാശ ജീവിതം എന്നിവയെ കുറിച്ചായിരിക്കും പരിശീലനം. തുടര്‍ന്ന് ഓറിയോണ്‍ സ്പാനിന്റെ ഹൂസ്റ്റണിലുള്ള ആസ്ഥാനത്ത് പ്രായോഗിക പരിശീലനം നല്‍കും.

സ്‌പേസിലെ ഹോട്ടലില്‍ പോകാന്‍ ഒരാളില്‍ നിന്ന് 95 ലക്ഷം ഡോളറാണ് കമ്പനി ഈടാക്കുക. സ്‌പേസിലെത്താന്‍ ആഗ്രഹമുള്ളവര്‍ 80,000 ഡോളര്‍ നല്‍കി ബുക്ക് ചെയ്യാം. പിന്നീട് തുക മടക്കി നല്‍കുമെന്നാണ് കമ്പനി ഉറപ്പ് നല്‍കുന്നത്.