കര്‍ണാടകയില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: യെദ്യൂരപ്പ ശിക്കാരിപുരയില്‍

single-img
9 April 2018

ബംഗളൂരു: മേയ് 12ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനുമായ ബി.എസ്.യെദ്യൂരപ്പയുള്‍പ്പെടെ 72 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കര്‍ണാടകയില്‍ അധികാരം പിടിക്കാനിറങ്ങുന്ന ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ തന്നെയാണ്. യെദ്യൂരപ്പ ശിക്കാരിപുരത്ത് നിന്നും പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി സെന്‍ട്രലില്‍ നിന്നുമാണ് മത്സരിക്കുന്നത്.

എന്നാല്‍ 224 സീറ്റുകളുള്ള കര്‍ണാടകയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ബി.ജെ.പിയില്‍ സമവായമായില്ലെന്നാണ് അറിയുന്നത്. പാര്‍ട്ടി വിട്ടെത്തിയവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച്‌ ഒരുകൂട്ടം പ്രവര്‍ത്തകര്‍ വിമതരാകാനും സാദ്ധ്യതയുണ്ട്.

കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പങ്കെടുത്തു.