മെഡിക്കല്‍ ബില്ലിനെ ‘പിന്തുണച്ച’ കുമ്മനം ചെങ്ങന്നൂരെത്തിയപ്പോള്‍ മലക്കം മറിഞ്ഞു

single-img
9 April 2018

ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിവാദ മെഡിക്കല്‍ കോളേജ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ഇരുമുന്നണികളുടേയും ഒത്തുതീര്‍പ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്റെ ധര്‍മ്മം പാലിക്കുന്നതില്‍ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. ഇതോടെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്‌പോണ്‍സര്‍ ഒരേയാള്‍ തന്നെയാണെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ ക്രമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനം റദ്ദ് ചെയ്യരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ബിജെപി സംസ്ഥാന പ്രസിഡന്റ് കത്തയച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെ സമീപിച്ചിരുന്നത്. മെഡിക്കല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ വിടി ബല്‍റാം ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ എല്ലാം തന്നെ ബില്ലിനെ പിന്തുണയ്ക്കുകയും ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ സഭയില്‍ വന്ന് ഒപ്പിട്ടതിനു ശേഷം തിരിച്ചു പോകുകയും ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കെ മെഡിക്കല്‍ ബില്ലിന് സര്‍ക്കാരിന് പിന്തുണ നല്‍കിയത് കോണ്‍ഗ്രസ് മാത്രമാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വാദം. മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചതോടെ സര്‍ക്കാരും പ്രതിപക്ഷവും ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.