ഐപിഎല്‍ വേദി മാറ്റില്ല; മത്സരങ്ങൾ ചെന്നൈയില്‍ തന്നെ നടക്കും

single-img
9 April 2018

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ലെന്ന് ബിസിസിഐ. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയമാണ് സൂപ്പർ കിംഗ്സിന്‍റെ ഹോം മത്സരങ്ങൾക്ക് വേദിയായി തീരുമാനിച്ചിരുന്നത്. ഇവിടെ നിന്ന് മത്സരം മാറ്റില്ലെന്നും മത്സരങ്ങൾക്ക് കനത്ത സുരക്ഷയൊരുക്കുമെന്നും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു.

നേരത്തെ കാവേരി നദീജല പ്രശ്‌നത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബി.സി.സി.ഐ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച്ചയാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ ആദ്യ മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ഏര്‍പ്പെടുത്തിരിക്കുന്ന വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്. ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെ ഏഴു മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാവുക.

നേരത്തെ ഐ.പി.എല്ലിനെതിരേ ശക്തമായ നിലപാടുമായി നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസവേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.