മനുഷ്യര്‍ക്ക് താമസിക്കാനൊരു പാമ്പ് വീട് (വീഡിയോ)

single-img
9 April 2018

Support Evartha to Save Independent journalism

ഒരു വീടെന്നത് ഏതൊരാളുടെയും സ്വപ്‌നമാണ്. ആയുസിന്റെയും അദ്ധ്വാനത്തിന്റെയും നല്ലൊരു പങ്ക് ഇതിനായി മാറ്റിവെയ്ക്കുകയും ചെയ്യും. പതിവ് നിര്‍മ്മാണ ശൈലിയില്‍ നിന്നും വ്യത്യസ്തമായി വീടുണ്ടാക്കണമെന്നും നാലാള്‍ ശ്രദ്ധിക്കുന്ന വീട് വെയ്ക്കണമെന്നുമാണ് ഒട്ടുമിക്കവരുടെയും നിര്‍ബന്ധവും. അത്തരത്തില്‍ വ്യത്യസ്തമായ വീടുണ്ടാക്കിയതിലൂടെ പ്രസിദ്ധനായിരിക്കുകയാണ് ജാവിയര്‍ സിനോസിയന്‍.

മെക്‌സിക്കോക്കാരനായ ആര്‍ക്കിടെക്റ്റാണ് ജാവിയര്‍. പാമ്പിന്റെ രൂപഘടന അനുസരിച്ച് പത്തുനിലകളടങ്ങുന്ന ഫ്ലാറ്റ് സമുച്ചയമാണ് അദ്ദേഹം നിര്‍മ്മിച്ചത്. രണ്ട് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കെട്ടിടത്തിന് തൂവലുകളുള്ള സര്‍പ്പമായ ക്വസാല്‍കോളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. മെക്‌സിക്കന്‍ ഇതിഹാസങ്ങളിലെ പ്രകാശത്തിന്റെയും അറിവിന്റെയും ദേവതയാണ് ക്വസാല്‍കോള്‍.

31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാര്‍ത്ഥമാണ് ജാവിയന്‍ ഇത്തരത്തിലുളള ആദ്യവീട് നിര്‍മ്മിക്കുന്നത്. ഭീമാകാരന്‍ സര്‍പ്പത്തിന്റെ വായില്‍ക്കൂടിയാണ് താമസക്കാര്‍ വീട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. പാര്‍പ്പിടത്തിനുള്ളില്‍ കുളവും പുല്‍ത്തകിടിയും ജലധാരയും അടക്കമുള്ള മനോഹരമായ കാഴ്ച്ചയാണ് വ്യത്യസ്തമായ ഈ പാര്‍പ്പിടം സമ്മാനിക്കുന്നത്.

ആദ്യമൊന്നും ഈ വ്യത്യസ്തയെ അംഗീകരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ കാലക്രമേണ തന്റെ നിര്‍മ്മാണശൈലിയെ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നും ജാവിയന്‍ വ്യക്തമാക്കുന്നു. പെട്ടി അടുക്കിവെച്ചത് പോലുള്ള വീടുകളില്‍ താമസിക്കുന്നതും നിര്‍മ്മിക്കുന്നതും ഇഷ്ടമില്ലാത്തത് കൊണ്ടാണ് വ്യത്യസ്ത ശൈലി പരീക്ഷിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.