കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാവ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ച്‌ കോണ്‍ഗ്രസിലെത്തി

single-img
9 April 2018

Donate to evartha to support Independent journalism

മംഗളൂരു: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാവ് മനംമാറി വൈകിട്ടോടെ വീണ്ടും കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസിന്റെ പനമംഗളൂരു ബ്ളോക്ക് സെക്രട്ടറി സുന്ദര ദേവിനാഗരയാണ് തന്റെ സഹപ്രവര്‍ത്തകരെ പോലും അന്പരപ്പിച്ച് കൂടുവിട്ട് കൂടുമാറിയത്.

ശനിയാഴ്ച രാവിലെ ബിജെപി സ്ഥാനാര്‍ത്ഥി യു രാജേഷ് നായികാണ് സുന്ദരയ്ക്ക്‌ പാര്‍ട്ടി പതാക നല്‍കി വരവേറ്റത്. വനം മന്ത്രി ബി രാമനാഥ റായിക്കെതിരെ മത്സരിക്കുന്നയാളാണ് രാജേഷ്. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സുന്ദര പാര്‍ട്ടിയില്‍ തിരിച്ചെത്തിയതായി പ്രഖ്യാപിച്ചു.

ചന്ദ്രപ്രകാശ് ഷെട്ടി തുംബെയുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത ചടങ്ങായിരുന്നു അത്. പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളേത്തുടര്‍ന്നാണ് സുന്ദര തിരിച്ച്‌ കോണ്‍ഗ്രസിലെത്തിയത്. എന്നാല്‍ എന്തൊക്കെ ഉപാധികളാണ് അംഗീകരിച്ചത് എന്ന കാര്യം വ്യക്തമല്ല.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടി മാറ്റം കര്‍ണാടകയില്‍ തുടരുകയാണ്. ആറു തവണ കോണ്‍ഗ്രസ് എം എല്‍ എ യും മന്ത്രിയുമായിരുന്ന മലികയ്യ വെങ്കയ്യ ഗുട്ടേദാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചതിനാല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. അതേ സമയം മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ നയിക്കുന്ന ജെഡി(എസ്) ലെ ഏഴ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.