രാജേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

single-img
9 April 2018

മുന്‍ റേഡിയോ ജോക്കിയും മിമിക്രി താരവുമായ മടവൂര്‍ രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘത്തിന് സഹായം നല്‍കിയ സ്വാതി സന്തോഷാണ് അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

ക്വട്ടേഷന്‍ സംഘത്തിന് ആയുധങ്ങള്‍ വാങ്ങി നല്‍കിയത് ഇയാളാണെന്നും പൊലീസ് അറിയിച്ചു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഷംസീറിനെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കഴിഞ്ഞദിവസം കേസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഓച്ചിറ മേമന വലിയകുളങ്ങര എം.എ കോര്‍ട്ടില്‍ യാസീന്‍ (23) അറസ്​റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതികളായ അലിഭായി എന്ന മുഹമ്മദ് താലിഫ്, അപ്പുണ്ണി എന്നിവര്‍ ഉപയോഗിച്ചിരുന്ന കാര്‍ ബംഗളൂരുവില്‍നിന്ന്​ അടൂരിലെത്തിച്ചത് യാസീനായിരുന്നു.

കൊലക്കു ശേഷം മടവൂരില്‍ പ്രതികള്‍ രക്ഷപ്പെട്ട കാറായിരുന്നു ഇത്. മടവൂരിലെ സി.സി ടി.വിയില്‍നിന്ന്​ കാറി​​​െന്‍റ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാര്‍ ഉപേക്ഷിച്ച്‌ യാസീന്‍ ചെന്നൈയിലേക്ക് കടന്നത്. കൊലയാളികള്‍ക്ക് താമസവും ആയുധങ്ങളും തരപ്പെടുത്തി നല്‍കിയെന്ന കുറ്റത്തിന് നേരത്തേ കൊല്ലം സ്വദേശി സനുവിനെ (33) അന്വേഷണ സംഘം അറസ്​റ്റ്​ ചെയ്തിരുന്നു. ഇത് കൂടാതെ പത്തോളം പേര്‍ ഇപ്പോഴും പൊലീസ് കസ്​റ്റഡിയിലുണ്ട്.

ഖത്തറിലെ ബിസിനസുകാരനായ ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തില്‍തന്നെയാണ് ഇപ്പോഴും പൊലീസ്. രാജേഷ് വധത്തില്‍ തനിക്ക് ബന്ധമില്ലെന്ന ഖത്തര്‍ വ്യവസായി സത്താറി​​​ന്‍റെ വെളിപ്പെടുത്തല്‍ അന്വേഷണസംഘം മുഖവിലയ്​ക്കെടുത്തിട്ടില്ല. സത്താറിനോ പൊലീസ് സംശയിക്കുന്ന അലിഭായിക്കോ സംഭവത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന സത്താറി​​​ന്റെ മുന്‍ ഭാര്യയുടെ വെളിപ്പെടുത്തലും പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.