യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം

single-img
8 April 2018

ബലാത്സംഗക്കേസില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നില്‍ യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം. ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

‘ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി പരാതിയുമായി ഞാന്‍ പലയിടത്തും പോയി. എന്നാല്‍ ആരും എന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല. എന്നെ ഉപദ്രവിച്ചവര്‍ എല്ലാം അറസ്റ്റ് ചെയ്യപ്പെടണമെന്നാതാണ് എന്റെ ആവശ്യം. അല്ലാത്ത പക്ഷം ഞാന്‍ ആത്മഹത്യ ചെയ്യും. പരാതിയുമായി ഞാന്‍ മുഖ്യമന്ത്രിയുടെ അടുത്തുവരെ പോയിരുന്നു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഞങ്ങള്‍ക്കു നേരെ ഭീഷണിയുമുണ്ടായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് യുവതി പറഞ്ഞു.

പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് യുവതിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയത്. യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം പോലീസ് തടയുകയും ഇവരെ ഗൗതം പാലി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് യുവതി വീണ്ടും ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നു.