കാവേരിയില്‍ കലങ്ങിമറിഞ്ഞ് തമിഴകം; പ്രതിഷേധത്തില്‍ പങ്കെടുത്ത് വിജയ്, വിശാല്‍, സൂര്യ ഉള്‍പ്പെടെയുള്ള താരങ്ങള്‍

single-img
8 April 2018

കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം. നാസര്‍ തുടങ്ങിയ താരങ്ങളും സമരത്തില്‍ പങ്കെടുത്ത് പ്രതിഷേധത്തില്‍ പങ്കാളികളായി.

അതേസമയം, തമിഴ്‌നാട്ടില്‍ കാവേരി നദീതട പ്രദേശങ്ങളിലൂടെ എം.കെ.സ്റ്റാലിന്‍ നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണ യാത്ര തുടരുകയാണ്. ഇന്നലെ തിരുച്ചിറപ്പള്ളിയില്‍ നിന്നും ആരംഭിച്ച യാത്ര ഇന്ന് തഞ്ചാവൂര്‍ ജില്ലയിലൂടെ കടന്നുപോകും. കര്‍ഷക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം കൂടുതല്‍ ശക്തമായി.

നടക്കാം, ശബ്ദമുയര്‍ത്താം, വീണ്ടെടുക്കാം എന്ന മുദ്രാവാക്യവുമായാണ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ തെക്കന്‍ തമിഴ്‌നാട്ടില്‍ കാവേരി സംരക്ഷണ യാത്ര നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദിക്കാന്‍ പോലും ശേഷിയില്ലാത്ത സര്‍ക്കാരാണ് തമിഴ്‌നാട്ടിലേതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

യാത്ര സമാപിക്കുന്നതിന് മുമ്പ് ഉചിതമായ തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍, സിപിഐ സെക്രട്ടറി ആര്‍ മുത്തരശ്, വിസികെ അധ്യക്ഷന്‍ തിരുമാവളവന്‍ തുടങ്ങിയ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.

ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് പളനിസ്വാമിയും പനീര്‍സെല്‍വവും അപ്രതീക്ഷിതമായി നിരാഹാരമിരുന്നത്.

വൈകിട്ട് 5 മണിവരെ നിരാഹാരം തുടര്‍ന്നു. നിരവധി പാര്‍ട്ടി അണികളും സമരത്തില്‍ അണിചേര്‍ന്നിരുന്നു. കാവേരി വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ‘തമിഴ്‌നാടിന്റെ ജല ദൗര്‍ലഭ്യം ഞങ്ങള്‍ക്ക് മനസിലാവുന്നു. ഞങ്ങളത് പരിഹരിക്കും’ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞിരുന്നു.

ഫെബ്രുവരി 16ന് സുപ്രീം കോടതി തമിഴ്‌നാടിന്റെ ജലവിഹിതം 192 ടി.എം.സിയില്‍ നിന്ന് 177.25 ടി.എം.സിയായി കുറച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയ്ക്ക് 14.75 ടി.എം.സി ജലം അധികം നല്‍കിയത് ബി.ജെ.പിയുടെ രാഷ്ട്രീയമാണെന്ന് തമിഴ്‌നാട് ആരോപിച്ചിരുന്നു.

ഫെബ്രുവരി 16ലെ സുപ്രീം കോടതി വിധി പ്രകാരം ആറാഴ്ചക്കുള്ളില്‍ കേന്ദ്രം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ പരാജയപ്പെട്ടതാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.