സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗമെന്ന് റിപ്പോര്‍ട്ട്; കുട്ടികളടക്കം 70 പേര്‍ മരിച്ചു

single-img
8 April 2018

സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടന അറിയിച്ചു.

ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു.

500ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മാരകമായി പരിക്കേറ്റവരെ സന്നദ്ധ സംഘടകള്‍ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റുകയാണ്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുട്ടികളുടെ അടക്കമുള്ള മൃതദേഹങ്ങള്‍. സിറിയയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയാനകമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍മെന്റ് വക്താവ് ഹെതര്‍ നുവെര്‍ട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. റഷ്യയുടെ സഹായത്തോടെ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ് നടത്തുന്ന രാസായുധ ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം രാസായുധങ്ങള്‍ പ്രയോഗിച്ചെന്ന വാര്‍ത്ത സിറിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ നിഷേധിച്ചു. ദൂമയിലെ വിമതര്‍ തെറ്റായ വാര്‍ത്തകളുണ്ടാക്കുന്നുവെന്നാണ് ഭരണകൂടം ആരോപിക്കുന്നത്.