കേരളം എന്നെ തിരികെ വിളിക്കുന്നുവെന്ന് സാമുവല്‍: ഫേസ്ബുക്ക് കുറിപ്പില്‍ സാമുവല്‍ ‘ബീഫിനെ’ വെട്ടി ആദ്യം ‘ചിക്കന്‍’ ആക്കി, പിന്നീട് ‘മട്ടന്‍’ എന്ന് തിരുത്തി

single-img
8 April 2018

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസില്‍ കയറിയ നൈജീരിയന്‍ നടനാണ് സാമുവല്‍ റോബിണ്‍സണ്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളില്‍ ചിരിപടര്‍ത്തുകയാണ്.

കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊറോട്ടയും കോഴിക്കറിയും വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. അതേസമയം സാമുവല്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

പൊറോട്ടയും ബീഫ് കറിയും വേണം, കേരളം എന്നെ തിരികെ വിളിക്കുന്നുവെന്നാണ് സാമുവല്‍ ഫേസ്ബുക്കില്‍ ആദ്യം കുറിപ്പെഴുതിയത്. പിന്നീട് സാമുവല്‍ കുറിപ്പ് തിരുത്തുകയായിരുന്നു. ബീഫ് കറി വേണമെന്നത് കോഴിക്കറിയെന്നാക്കുകയും പിന്നീട് മട്ടന്‍ കറിയെന്നാക്കിയുമാണ് തിരുത്തിയത്. കുറിപ്പിന് ആദ്യം വന്ന കമന്റുകളെല്ലാം ബീഫിനെ കുറിച്ചായിരുന്നു. ഇതിനിടയിലാണ് കുറിപ്പ് സാമുവല്‍ തിരുത്തിയത്.

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ അഭിനയിച്ചതിന് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് സാമുവല്‍ റോബിന്‍സണ്‍ രംഗത്തെത്തിയതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വലിയ വിവാദം. ഒടുവില്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഇടപെടലിന്റെ ഭാഗമായി നിര്‍മ്മാതാക്കള്‍ പണം നല്‍കി പ്രശ്‌നം ഒത്തു തീര്‍പ്പാക്കുകയായിരുന്നു.

താന്‍ ഒരു കറുത്ത വര്‍ഗക്കാരനായതിനാല്‍ തനിക്ക് അവര്‍ വളരെ കുറച്ച് പണം മാത്രമാണ് തന്നതെന്നും ഇത് തനിക്ക് മനസ്സിലായത് കേരളത്തിലുള്ള മറ്റ് അഭിനേതാക്കളുമായി സംസാരിച്ചപ്പോഴാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.

നിര്‍മ്മാതാക്കളായ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ക്കെതിരെയാണ് സാമുവല്‍ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ വിഷയം വലിയ രീതിതിയില്‍ വിവാദമാവുകയും മലയാള സിനിമയിലെ വേതന വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യപ്പെട്ടതോടെയാണ് വിവാദം ഒത്തുതീര്‍പ്പിലേക്ക് നീങ്ങിയത്.