കൊലയാളി റോബോട്ടുകളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ല

single-img
8 April 2018

കൊലയാളി റോബോട്ടുകള്‍ ഭൂമുഖത്ത് വേണ്ടെന്ന് കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിദഗ്ധര്‍. കൊലയാളി റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ ദക്ഷിണകൊറിയന്‍ സര്‍വകലാശാലക്ക് പങ്കുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 50ലധികം കൃത്രിമബുദ്ധി വിദഗ്ധരാണ് രംഗത്ത് വന്നിരിക്കുന്നത്.

കൊലയാളി റോബോട്ടുകളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കൊറിയയിലെ പ്രധാന ആയുധനിര്‍മ്മാതാക്കളായ ഹാന്‍വ സിസ്റ്റംസിന് കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ തയ്യാറാക്കുന്നത് കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കൈസ്റ്റ്) ആണ്.

ഇവരെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തില്‍ വിദഗ്ധര്‍ ഒപ്പിട്ടു. കൈസ്റ്റുമായി എല്ലാ വിധ സഹകരണങ്ങളും ബഹിഷ്‌കരിക്കണമെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്ത് യുദ്ധം അതിവേഗത്തിലാക്കാന്‍ മാത്രമേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ സാധിക്കൂ എന്നും ഇവര്‍ കത്തില്‍ പറയുന്നു.

ഇത്തരം ആയുധങ്ങള്‍ ലോകസുരക്ഷയെ ബാധിക്കുമെന്നും കൃത്രിമബുദ്ധി ഉപയോഗിച്ച് ജീവന്‍ രക്ഷിക്കുന്നത് പോലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ബഹിഷ്‌കരിക്കാനുള്ള നിലപാട് വേദനിപ്പിച്ചെന്ന് കൈസ്റ്റ് പ്രസിഡന്റ് സംഗ് ചുള്‍ സിന്‍ പറഞ്ഞു.

മനുഷ്യത്വപരമായ മഹത്വം മറന്ന് ഒരു ഗവേഷണവും സര്‍വകലാശാലയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ തയ്യാറാക്കുന്നത് നിരോധിക്കണമെന്ന് 2015 ജൂലൈയില്‍ ലോകത്തുടനീളമുള്ള ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസംഘടനയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയക്കുകയും ചെയ്തു. 2017 നവംബറില്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് യുഎന്‍ തുടക്കം കുറിച്ചു.