അവസരം ലഭിച്ചില്ലെങ്കില്‍ സ്വയം സിനിമ എടുക്കുമെന്ന് പാര്‍വതി

single-img
8 April 2018

അവസരം ലഭിച്ചില്ലെങ്കില്‍ സ്വയം സിനിമ എടുക്കുമെന്ന് നടി പാര്‍വതി. ആരെയും പേടിച്ച് ഓടുകയില്ലെന്നും പാര്‍വതി പറഞ്ഞു. ജീന്‍സ് നിര്‍മ്മാതാക്കളായ ലീവിസിന്റെ ഐ ഷേപ്പ് മൈ വേള്‍ഡ് എന്ന ടോക്ക് ഷോയിലാണ് നടിയുടെ പ്രതികരണം. കസബ വിഷയത്തില്‍ തന്നെ വിമര്‍ശിച്ചവരില്‍ ഏറെയും സ്ത്രീകളാണെന്ന് പാര്‍വതി പറയുന്നു.

എനിക്ക് മുന്‍പും പലരും ആ സിനിമയെ വിമര്‍ശിച്ചിട്ടുണ്ട്. അന്ന് ഇത്തരം പ്രതിഷേധമൊന്നും കണ്ടിരുന്നില്ല. എനിക്കു നേരെ ഉയര്‍ന്ന ആക്രമണങ്ങളേക്കാള്‍ വേദനിപ്പിച്ചത് പല സത്രീകളുടെയും നിലപാടാണ്. പുരുഷന്‍ മര്‍ദ്ദിച്ചാല്‍ എന്താണ് കുഴപ്പം എന്ന് വരെ പല സ്ത്രീകളും പറയുന്നത് കേട്ടിരുന്നു.

കമന്റുകള്‍ വായിച്ചതിനു ശേഷം സംശയം തോന്നി. എന്താണ് മേളയില്‍ പറഞ്ഞതെന്ന് ഒന്നുകൂടി കണ്ടുനോക്കി. ഞാന്‍ പറഞ്ഞത് ശരിയായിരുന്നു പാര്‍വതി പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടും എന്നോര്‍ത്ത് എനിക്ക് ഭയമില്ല. പേടിച്ച് ഓടുകയുമില്ല. കഴിഞ്ഞ 12 വര്‍ഷമായി സിനിമയിലുണ്ട്. ഇഷ്ടപ്പെട്ടാണ് സിനിമ തിരഞ്ഞെടുത്തത്. എനിക്ക് അവസരം തന്നില്ലെങ്കില്‍ ഞാന്‍ സിനിമ എടുക്കും പാര്‍വതി നിലപാട് വ്യക്തമാക്കി.

തിരുവനനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരിലാണ് പാര്‍വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ പാര്‍വതിയും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.