2 കോടിയില്‍പരം ആളുകളെ വിഡ്ഢികളാക്കിയ ചിത്രം; സത്യം ഇതാണ്

single-img
8 April 2018

നമീബിയന്‍ സ്വദേശിയായ ഫ്രാന്‍സ്വ ലോട്ടറിംഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെ പെട്ടെന്ന് വൈറലായിരുന്നു. വെള്ളം തേടിയുള്ള യാത്രയില്‍ ക്ഷീണിച്ചവശനായ സിംഹക്കുട്ടിയെ ആഫ്രിക്കന്‍ ആന തുമ്പിക്കൈയില്‍ ഇരുത്തി നടന്നുനീങ്ങുന്ന ചിത്രമായിരുന്നു അത്.

സമീപത്ത് സിംഹകുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയോദ്യാനത്തില്‍ നിന്ന് തന്റെ സുഹൃത്തുക്കളായ വനപാലകര്‍ പകര്‍ത്തിയ ചിത്രമെന്ന് പറഞ്ഞായിരുന്നു ലോട്ടറിംഗിന്റെ പോസ്റ്റ്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി രണ്ട് കോടിയില്‍പരം പേരെയാണ് ലോട്ടറിംഗ് വിഡ്ഢികളാക്കിയത്.

സഹജീവികളോടുള്ള മൃഗങ്ങളുടെ സ്‌നേഹം മനുഷ്യന്‍ കണ്ടുപഠിക്കണമെന്ന് വരെ പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ചിത്രത്തിന്റെ ആധികാരികയെ ചോദ്യം ചെയ്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിത്രം കൃത്രിമമാണെന്ന് അത്തരക്കാര്‍ വാദിച്ചു. ഇതേ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു.

ഇതെല്ലാം കണ്ട് രസിച്ചുകൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു. ചിത്രം പോസ്റ്റ് ചെയ്ത ലോട്ടറിംഗ്. അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്ത തീയതി പക്ഷെ ആരും ശ്രദ്ധിച്ചില്ല. ഏപ്രില്‍ 1. വിഡ്ഢികളുടെ ദിനത്തില്‍. എന്തായാലും 1 ലക്ഷത്തിലധികം പേരെ വിഡ്ഢികളാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തില്‍ ലോട്ടറിംഗ് വൈകുന്നേരത്തോടെ ചിത്രം പിന്‍വലിക്കുകയും മറ്റൊരു കുറിപ്പ് പോസ്റ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു.

”ഞാന്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്തവര്‍ക്കും കമന്റ് ഇട്ടവര്‍ക്കും നന്ദി. ഇത് ഒരു യഥാര്‍ഥ ചിത്രമല്ല. ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ്. ഇന്ന് ഏപ്രില്‍ ഒന്നാണ്. എല്ലാവര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍”.

ചിത്രം പിന്‍വലിച്ചെങ്കിലും ലോകമെമ്പാടും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചില്ല. ദക്ഷിണഫ്രിക്ക, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ വൈറലായ ചിത്രം പിന്നീട് അമേരിക്ക, കാനഡ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ചിത്രം സത്യമാണെന്ന് കരുതി യുകെ പത്രമായ ദ ടെലഗ്രാഫും മൈക്രോസോഫ്റ്റ് ന്യൂസ് പ്ലാറ്റ്‌ഫോമായ എംഎസ്എന്‍ അടക്കമുള്ള മീഡിയകളും വാര്‍ത്ത പ്രസിദ്ധീകരിക്കുക വരെ ചെയ്തു.