ഐപിഎല്‍ മല്‍സരങ്ങള്‍ കേരളത്തിലേക്ക്; ചെന്നൈയുടെ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയായേക്കും

single-img
8 April 2018

ഐ.പി.എല്‍ പതിനൊന്നാം സീസണിലെ മത്സരങ്ങള്‍ കേരളത്തിലേക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കാകും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക. കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണിത്.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബിസിസിഐ) ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റും കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) അഭിപ്രായം ആരാഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍നിന്ന് ഐപിഎല്‍ ടീമുകള്‍ രംഗത്തില്ലാത്ത സാഹചര്യത്തിലാണു ചെന്നൈയുടെ ഹോം മൈതാനമാക്കാന്‍ കേരളത്തെ പരിഗണിക്കുന്നത്.

ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ കെസിഎ സന്നദ്ധത അറിയിച്ചതായാണു സൂചന. കാവേരി നദീജല തര്‍ക്കം പരിഹരിക്കുന്നതു വരെ ഐപിഎല്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന വാദമുയര്‍ത്തി തമിഴ്‌നാട്ടില്‍ പ്രചാരണം വ്യാപകമാണ്.

ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപമാനകരമാണെന്നു ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തും ഇന്നു രംഗത്തെത്തിയിരുന്നു. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍, തമിഴ്‌നാട്ടിലെ സ്വതന്ത്ര എംഎല്‍എ ടി.ടി.വി. ദിനകരന്‍ തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

ഏപ്രില്‍ 10ന് ചെന്നൈ ചെപ്പോക്ക് എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ.പി.എല്‍. മത്സരം. വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന് ഏര്‍പ്പെടുത്തിരിക്കുന്ന വിലക്ക് അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്.

ഏപ്രില്‍ പത്ത് മുതല്‍ മെയ് 20 വരെ ഏഴു മത്സരങ്ങള്‍ക്കാണ് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുക. വേദി മാറ്റുകയാണെങ്കില്‍ ഈ മത്സരങ്ങളെല്ലാം തിരുവന്തപുരത്താകും നടത്തുക. അങ്ങനെയെങ്കില്‍ ഏപ്രില്‍ പത്ത് മുതല്‍ ഏഴ് മത്സരങ്ങള്‍ക്ക് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.

ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.

ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉപവാസം. കാവേരി ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ വൈകുന്നതാണ് തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമാവാന്‍ കാരണം.