നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് എം. ഗീതാനന്ദന്‍

single-img
8 April 2018

Support Evartha to Save Independent journalism

കൊച്ചി: നാളത്തെ ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. അത്തരം സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്തുമെന്ന പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25നു രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.

അതേസമയം ദളിത് സംഘടനകള്‍ നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. മതതീവ്രവാദികള്‍ ഹര്‍ത്താലിനെ ഹൈജാക്ക് ചെയ്യുമെന്നാണ് രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അതിനാല്‍ കനത്ത സുരക്ഷ പാലിക്കണം എന്ന നിര്‍ദേശം രഹസ്യാന്വേഷണ വിഭാഗം ഡിജിപിക്ക് കൈമാറും എന്നാണ് സൂചന. കൂടുതല്‍ പൊലീസിനെ വിന്യസിക്കണം എന്ന നിര്‍ദേശവും നല്‍കും. ദളിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചിരുന്നു. ഹര്‍ത്താലില്‍ പങ്കെടുക്കേണ്ടതില്ലെന്നും അന്ന് സാധാരണരീതിയില്‍ സര്‍വീസ് നടത്താനും ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനം.

ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 12 പേരുടെ ജീവന്‍ പൊലിഞ്ഞത്. പട്ടികജാതിവര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ഭാരത് ബന്ദ്.

പരീക്ഷകള്‍ മാറ്റി

എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ ബിഫാം പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് 23ലേക്കു മാറ്റി. രണ്ടാം വര്‍ഷ ബി.ഫാം പരീക്ഷ 16ന് നടക്കും. അതേസമയം, കണ്ണൂര്‍ സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.

മാറ്റിയ പരീക്ഷകളുടെ പുതുക്കിയ തീയതി

പൊതുപണിമുടക്ക് ദിനമായിരുന്ന രണ്ടിനു നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (റഗുലര്‍/സപ്ലിമെന്ററി), ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (സപ്ലിമെന്ററി), ആറാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്., 2015 അഡ്മിഷന്‍ റഗുലര്‍/2013 – 2014 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) എന്നീ പരീക്ഷകള്‍ 10നും രണ്ടാം വര്‍ഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ 13നും ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എ. (2011 – 2016 അഡ്മിഷന്‍ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റര്‍ എം.പി.എച്ച്. (2017ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ 16നും നടത്തും. പരീക്ഷാ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.