ഹര്‍ത്താലില്‍ ബസ് നിരത്തിലിറക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ധന്യാരാമന്‍: ഹര്‍ത്താലിന് പിന്തുണയുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയും പിസി ജോര്‍ജും

single-img
8 April 2018

തിങ്കളാഴ്ചത്തെ ദളിത് ഹര്‍ത്താലില്‍ ബസ് ഓണേഴ്‌സ് ബസ് നിരത്തിലിറക്കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ദളത് ആക്ടിവിസ്റ്റ് ധന്യാരാമന്‍. ഹര്‍ത്താല്‍ തള്ളിക്കളയാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ബസ് ഓണേഴ്‌സ് അസോസിയേഷന്റെയും നിലപാടുകള്‍ക്കെതിരെയാണ് ധന്യാരാമന്‍ രംഗത്തെത്തിയിരിക്കുന്നത്.

വംശീയതയുടെ പേരില്‍ ഇന്ത്യയിലെ 32 ശതമാനത്തോളം ആളുകള്‍ അതി ഭീതിജനകമായി വേട്ടയാടപ്പെടുന്ന സമയത്താണ് ദേശീയ തലത്തില്‍ തന്നെ ദളിത് പ്രക്ഷോഭം രൂപപ്പെട്ടതെന്നും ഇതിന് ഐക്യദാര്‍ഢ്യമായിട്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകള്‍ തീരുമാനിച്ചതെന്നും ധന്യ പറയുന്നു.

എന്നാല്‍ വ്യാപാരി വ്യവസായി നേതാവ് നസറുദ്ദീന്റെയൊക്കെ സംസാരം കേട്ടാല്‍, അദ്ദേഹത്തിനൊന്നും ഒരിക്കലും ദളിതരുടെ വിഷയങ്ങള്‍ ചിന്തിക്കാനുള്ള മാനസികാവസ്ഥപോലും കാണില്ലെന്നും ധന്യ ആരോപിക്കുന്നു. നസ്‌റുദ്ദീനൊക്കെ രാഷട്രീയ നേതാക്കളുടെ ഉപകരണങ്ങള്‍ മാത്രമാണെന്നും ടാക്‌സ് വെട്ടിച്ച് ജീവിക്കുന്നയാളാണെന്നും ധന്യാരാമന്‍ ആരോപിക്കുന്നു.

അതേസമയം ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസാനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത രംഗത്തെത്തി. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും ഹര്‍ത്താലിനെ ന്യായീകരിക്കുവാന്‍ കഴിയുമെങ്കില്‍ അത് ദളിതരും സ്ത്രീകളും മത ന്യൂനപക്ഷങ്ങളും നിലവിലെ ഫാഷിസ്റ്റ്/സവര്‍ണ്ണ വ്യവസ്ഥിതിയില്‍ അനുഭവിക്കുന്ന വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളാണ്. അതുകൊണ്ടാണ് നാളത്തെ ഹര്‍ത്താലിനെ ഞാന്‍ പിന്തുണക്കുന്നതും’ അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ദളിത് സംഘടനകളുടെ സമരത്തെ അധിക്ഷേപിക്കുന്നത് അപലപനീയമെന്ന് പി സി ജോര്‍ജ് എം എല്‍ എയും കുവൈറ്റില്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി പാര്‍ശ്വവത്കരിക്കപ്പെട്ട അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന് നേരെയുള്ള അതിക്രൂരമായ കടന്നാക്രമണം നടക്കുന്നു. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

സമരത്തെയോ ഹര്‍ത്താലിനെയോ അനുകൂലിക്കുകയല്ല, മറിച്ച് അവരുടെ സമരത്തെ മാത്രം അടച്ചാക്ഷേപിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ചില സംഘടനകളും, മുതലാളിമാരും വൃത്തികെട്ട മനസ്സിന്റെ ഉടമകളുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

കേരള സമൂഹം ഒന്നടങ്കം ദളിത് വിഭാഗങ്ങളുടെ സമരത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കണം. ജനപക്ഷവും പി സി ജോര്‍ജും സര്‍വ പിന്തുണയും പ്രഖ്യാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.