ബിജെപി വോട്ടുകള്‍ ഭിന്നിക്കും; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചെങ്കൊടി ഉയരുമെന്ന് സിപിഎം റിപ്പോര്‍ട്ട്

single-img
8 April 2018

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിക്കുമെന്ന് പാര്‍ട്ടിയുടെ പ്രാഥമിക വോട്ട് കണക്കെടുപ്പ്. ബ്രാഞ്ച് തലത്തില്‍ നടത്തിയ കണക്കെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പതിനായിരത്തോളം വോട്ടിനു ജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

ഏറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ പതിനായിരത്തോളം വോട്ടിന്റെ കുറവുണ്ടാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. മണ്ഡലത്തില്‍ സജി ചെറിയാന്‍ സ്വീകാര്യനാണെന്നും പരാമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ ചേര്‍ത്തുവയ്ക്കുന്നതിനോടൊപ്പം യുഡിഎഫ് വോട്ടുകള്‍ ഇടതുമുന്നണിയിലെത്തിക്കാനുള്ള, ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ഭിന്നിച്ച് നേട്ടമുണ്ടാക്കാമെന്നും സിപിഎം കരുതുന്നു.

മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ കെസിബിസി രംഗത്തെത്തിയത് ചെറിയ തിരിച്ചടിയായെങ്കിലും ഇതിനെ പ്രതിരോധിക്കാനുള്ള പ്രചരണം ശക്തമാക്കാന്‍ സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത പക്ഷം അവരുടെ വോട്ടുകള്‍ ഇടത് പക്ഷത്തേക്ക് എത്തിക്കാനാണ് സിപിഎം ശ്രമം. ഇത് ഏറെക്കുറേ വിജയിക്കുമെന്നുതന്നെയാണ് സിപിഎം വിലയിരുത്തല്‍. കാര്യങ്ങള്‍ ഇതുപോലെ നടന്നാല്‍ സജി ചെറിയാന്‍ നിയമസഭയിലേക്കെത്തും എന്നു തന്നെയാണ് സിപിഎമ്മിന്റെ ഉറച്ച വിശ്വാസം.