കണ്ണൂര്‍ കരുണ ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് ബെന്നി ബെഹനാന്‍: ബില്ലിനെ പിന്തുണച്ചത് വിദ്യാര്‍ഥികളുടെ കണ്ണീരുകണ്ടിട്ടെന്ന് ചെന്നിത്തല

single-img
8 April 2018

കൊച്ചി: കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്തുന്നതിനായി ബില്ല് കൊണ്ടുവന്നതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഈ കോളേജുകളുടെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെ നടന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വോഷണത്തിന് സര്‍ക്കാര്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാനേജ്‌മെന്റുകള്‍ തലവരി പണം വാങ്ങിയെന്ന് അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

അവരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞ് കൊണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നിയമ സെക്രട്ടറിയുടെ ആനുകൂല അഭിപ്രായം വാങ്ങി. അതിന് ശേഷം ബില്ല് പാസാക്കാനുള്ള തീരുമാനം ക്യാബിനറ്റില്‍ കൊണ്ട് വരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ബില്ല് പാസാക്കാന്‍ കൂട്ടുനിന്ന നടപടിയെ രൂക്ഷമായി ബെന്നി ബെഹനാന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

അതേസമയം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ച നടത്തുന്നതില്‍ കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനെതിരെ സുപ്രീംകോടതിയും ഗവര്‍ണറും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണിത്. മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന നിയമമന്ത്രി എ.കെ. ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇനി ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതു സര്‍ക്കാരാണ്. 180 വിദ്യാര്‍ഥികളുടെ കണ്ണീരിനു മുന്‍പില്‍ അവരുടെ ഭാവി ഓര്‍ത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചതു കൊണ്ടാണ് ബില്ലിനെ സഭയില്‍ പിന്തുണച്ചത്. ആത്മഹത്യയിലേക്കു നീങ്ങുന്ന കുട്ടികളെ ആ ദയനീയാവസ്ഥയില്‍നിന്നു രക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ടെന്ന് കണ്ടതിനാലാണ് ആ സമീപനം സ്വീകരിച്ചത്. ഏതായാലും സുപ്രീംകോടതിയും ഗവര്‍ണറും അതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ഇനി പോംവഴി കണ്ടെത്തേണ്ടത് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.