ബി.ഡി.എസ് ഡോക്ടര്‍മാര്‍ക്കും ഇനി എം.ബി.ബി.എസ് ഡിഗ്രി

single-img
8 April 2018

രാജ്യത്തെ വിവിധ ഡെന്റല്‍ കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന ബി.ഡി.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡിഗ്രികൂടി നേടുന്നതിനുള്ള കോഴ്‌സ് ആരംഭിക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലേക്ക്. രാജ്യത്തെ മുന്നൂറ്റിയെട്ട് ഡെന്റല്‍ കോളേജുകളില്‍നിന്നായി പഠിച്ചിറങ്ങുന്ന ബി.ഡി.എസ് ഡോക്ടര്‍മാര്‍ക്ക് അധിക യോഗ്യത എന്ന ലക്ഷ്യവുമായാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എം.ബി.ബി.എസ് ഡിഗ്രിക്കുള്ള ശ്രമം നടത്തുന്നത്.

ഗ്രാമീണ മേഖലകളില്‍ ഡോക്ടര്‍–രോഗി അനുപാതം വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ ദന്തരോഗ ചികില്‍സയ്‌ക്കൊപ്പം എം.ബി.ബി.എസ് കൂടിയുള്ള ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയില്‍ ഉറപ്പുവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ.

ബി.ഡി.എസ് പൂര്‍ത്തിയാക്കിയശേഷം മൂന്നുവര്‍ഷംകൊണ്ട് എം.ബി.ബി.എസ് ലഭിക്കുന്ന വിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. കോഴ്‌സിന്റെ പാഠ്യപദ്ധതിയടക്കം തയാറാക്കി കഴിഞ്ഞു. കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അനുകൂലമായാണ് പ്രതികരിച്ചതെങ്കിലും അന്തിമാനുമതി ലഭിച്ചിട്ടില്ല.

അനുമതി ലഭിച്ചാല്‍ ആറുമാസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തീരുമാനം. ദന്തരോഗ ചികില്‍സാ മേഖലയില്‍ വിപുലമായ ഗവേഷണം ആവശ്യമാണെന്ന നിലപാടിലാണ് ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇതിനായി ഗവേഷണ വിഭാഗം രൂപീകരിക്കാന്‍ ഡെന്റല്‍ കോളജുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.