Featured

ഭക്ഷണം തേടിപ്പോയ ആണ്‍വേഴാമ്പലിനെ വണ്ടിയിടിച്ചു; കൂട്ടിലിരുന്ന് കുഞ്ഞുവേഴാമ്പല്‍ ഭക്ഷണത്തിനായി കരഞ്ഞപ്പോള്‍ അത്തിപ്പഴം നല്‍കി പക്ഷിസ്‌നേഹികള്‍; കണ്ണ് നനയിക്കുന്ന ഒരു അസാധാരണ കഥ

അപകടത്തില്‍ കൊല്ലപ്പെട്ട ആണ്‍വേഴാമ്പലിന്റെ ഇണയ്ക്കും കുഞ്ഞിനും ദിവസവും ഭക്ഷണമെത്തിച്ച് പോറ്റച്ഛനാകുകയാണ് അതിരപ്പിള്ളിയിലെ പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബൈജു കെ. വാസുദേവന്‍. ബുധനാഴ്ചയാണ് തന്റെ പതിവു നിരീക്ഷണങ്ങള്‍ക്കിടയില്‍ റോഡരുകില്‍ ഒരു ആണ്‍വേഴാമ്പല്‍ ചത്തു കിടക്കുന്നത് ബൈജുവിന്റെ ശ്രദ്ധയില്‍ പെടുന്നത്.

വേഴാമ്പല്‍ കുടുംബത്തിലെ ഒരുപാടു കക്ഷികളെ നേരിട്ടറിയാവുന്ന ആളാണ് ബൈജു. ശ്രദ്ധിച്ചില്ലെങ്കില്‍ കുറെ കിളിയും ആനയുമൊക്കെ വണ്ടിയിടിച്ചു ചാവും എന്നു പറയുന്ന മനുഷ്യരുടെ നാട്ടില്‍ വ്യത്യസ്തനാണ് ബൈജു. കാടില്ലെങ്കില്‍ നാടില്ലെന്നറിയാവുന്ന പക്കാ പരിസ്ഥിതിസ്‌നേഹി.

ചത്തിട്ട് രണ്ടു ദിവസമെങ്കിലുമായിട്ടുണ്ടാകും. ചിറകടിക്കാതെ താഴ്ന്നു പറന്നപ്പോള്‍ പാഞ്ഞു പോയ ഏതെങ്കിലും വാഹനം തട്ടിയാവാം പക്ഷി ചത്തത് എന്ന് ബൈജു ഊഹിച്ചു. ആ വേഴാമ്പലിന്റെ ചുണ്ടിലേക്കു നോക്കിയ ബൈജുവിന്റെ മനസും പിടച്ചുപോയി, സങ്കടത്താല്‍ കണ്ണുകള്‍ പോലും നിറഞ്ഞു.

ആണ്‍വേഴാമ്പലിന്റെ കൊക്കില്‍ നിറയെ തന്റെ ഇണക്കും കുഞ്ഞിനുമായി കരുതിയ പഴങ്ങളുണ്ടായിരുന്നു. വേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവര്‍ക്കറിയാം, തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാല്‍ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്റെ വിധിക്ക് കീഴ്‌പ്പെടുമെന്ന്.

വേഗം തന്നെ കിളിയുടെ കൂടന്വേഷിച്ച് ബൈജു കാടുകയറി. വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ് തട്ടേക്കാടും ഒപ്പം ചേര്‍ന്നു. താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട് ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു അന്വേഷണത്തിനു സഹായകരമായത്.

രണ്ടു ദിവസത്തെ തിരച്ചില്‍ കൊണ്ടാണ് അവര്‍ക്ക് കൂടു കണ്ടെത്താനായത്. നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഇതുകേട്ട വനത്തിലെ മുതിര്‍ന്ന വേഴാമ്പലുകള്‍ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു. ഇവ ആ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയില്‍ അവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തില്‍ കൂടു കൂട്ടിയിരുന്ന മൈനകള്‍ ശത്രുക്കളെന്ന് കണ്ട്, ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി. ഒടുവില്‍ വലിയൊരു മുളയേണി വെട്ടികൊണ്ടുവന്ന് മരത്തില്‍ക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക് ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നല്‍കി.

കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞിനു അമ്മക്കിളി അത് കൈമാറുകയും ചെയ്തു. നാലു ദിവസമെങ്കിലും നീണ്ട പട്ടിണിക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് വയര്‍ നിറയെ ഭക്ഷണം കഴിച്ച ആ കുഞ്ഞ് വൈകിട്ട് 5 വരെ ഉറങ്ങി എന്നതും കൂടി അറിഞ്ഞാലേ അതനുഭവിച്ച വിശപ്പും ദാഹവും മനസിലാകൂ.

തുടര്‍ന്ന് ഓരോ മണിക്കൂറും തീറ്റ നല്‍കുകയാണിപ്പോള്‍. അത്തിപ്പഴവും മറവന്‍ പഴവും ആഞ്ഞിലിപഴവുമൊക്കെയാണ് ശേഖരിച്ചു നല്‍കുന്നത്. വനം വകുപ്പില്‍ വാച്ചര്‍മാരായ ഔസേപ്പ്, അജീഷ് ഗോപി, സുഹൃത്ത് ജയന്‍ എന്നിവരും ബൈജുവിനു കൂട്ടായുണ്ട്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കകം തള്ളപ്പക്ഷി കൂടുപൊളിച്ചു പുറത്തിറങ്ങിയേക്കാമെന്നും വലിയ താമസമില്ലാതെതന്നെ ആ കുഞ്ഞിന്റെ ആദ്യ ചിറകടിയും കാണാനായേക്കുമെന്നും ബൈജു വിലയിരുത്തുന്നു. സഹജീവിയുടെ വിഷമം കാണാന്‍ കഴിയാത്ത മനുഷ്യന്‍മാര്‍ക്കിടയില്‍ പക്ഷി കുഞ്ഞിന് നിത്യേന ആഹാരം നല്‍കുന്ന ബൈജുവും സംഘവും ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെ മാതൃകകള്‍ ആണ്.