ഇതാണോ യോഗിയും ബിജെപി നേതാക്കളും പറയുന്ന ആരോഗ്യ പുരോഗതി?: ആശുപത്രിയില്‍ രോഗിയായ അമ്മയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ മകന്റെ തോളില്‍ ചുമത്തി അധികൃതരുടെ ക്രൂരത

single-img
7 April 2018

Support Evartha to Save Independent journalism

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ രോഗിയോട് വീണ്ടും അധികൃതരുടെ ക്രൂരത. ആംബുലന്‍സ് കാത്ത് നിന്ന രോഗിയുടെ മകനെക്കൊണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ തോളില്‍ ചുമത്തിയാണ് അധികൃതര്‍ ക്രൂരത കാട്ടിയത്. ഉത്തര്‍ പ്രദേശിലെ ആഗ്ര മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം.

രുണക്ത ഗ്രാമത്തിലെ അനുഗുര ദേവിയ്ക്കും മകനുമാണ് ദുര്യോഗമുണ്ടായത്. ശ്വാസതടസത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് അനുഗുര ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആംബുലന്‍സിനായി വാര്‍ഡിന് പുറത്ത് കാത്തു നില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

വാര്‍ഡില്‍ നിന്നും ട്രോമാ സെന്ററിലേക്ക് ദൂരമുള്ളതുകൊണ്ടാണ് ആംബുലന്‍സ് ആവശ്യമായി വന്നത്. സിലിണ്ടര്‍ തോളിലേന്തി രോഗിയായ അമ്മയെയും കൊണ്ട് കുറെ നേരം കാത്തു നില്‍ക്കേണ്ടി വന്നതായി മകന്‍ പറഞ്ഞു. അതേസമയം, സംഭവം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗിയെ മാറ്റുന്ന സമയത്ത് കുറച്ച് സമയം കാത്ത് നില്‍ക്കാന്‍ വാര്‍ഡ് ബോയ് ഇരുവരോട് ആവശ്യപ്പെട്ടിരുന്നു. ഈ സമയത്താണ് മാധ്യമങ്ങള്‍ ഫോട്ടോയെടുത്തതെന്നാണ് ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ വാദം.