ബോളിവുഡിന് ആശ്വാസം; സല്‍മാന്‍ ഖാന് ജാമ്യം

single-img
7 April 2018

ജോധ്പൂര്‍: കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 50,000 രൂപ കെട്ടിവയ്ക്കണം. ഉടന്‍ തന്നെ താരം ജയിലില്‍നിന്നു പുറത്തിറങ്ങും.

ദൃക്‌സാക്ഷികളുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും കെട്ടിച്ചമച്ച തെളിവുകളാണു പൊലീസ് ഹാജരാക്കിയതെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന നടനു മാനുഷികപരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും വാദമുയര്‍ന്നു. ജാമ്യം നല്‍കരുതെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

ഇന്നലെ വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാവിലെ പതിനഞ്ചാമത്തെ കേസായാണ് സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷി വിധി പ്രഖ്യാപിച്ചത്.

അതിനിടെ, സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേട്ട ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. സല്‍മാന്‍ ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേട്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിയുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തിറക്കി.

രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 നുശേഷമാണു ജഡ്ജിമാരുടെ സ്ഥലമാറ്റമെങ്കിലും ഇത്തവണ നേരത്തെയാണെന്നു റിപ്പോര്‍ട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനു വ്യാഴാഴ്ചയാണു ജോധ്പുരിലെ സിജെഎം കോടതി സല്‍മാന് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.