സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കു സ്ഥലംമാറ്റം

single-img
7 April 2018

ജോധ്പുര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറച്ചുദിവസംകൂടി ജയിലില്‍ കിടക്കേണ്ടി വരുമെന്ന് സൂചന. സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതോടെയാണ് നടന്റെ ജയില്‍മോചനം വീണ്ടും നീളുന്നത്.

സല്‍മാന്‍ ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജ് ദേവ് കുമാര്‍ ഖാത്രിക്ക് ഒപ്പം ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്. ഇരുവരുമടക്കം 87 ജഡ്ജിമാരുടെ സ്ഥലംമാറ്റ പട്ടിക രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു.

രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15 ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റം. ഇത്തവണ സ്ഥലം മാറ്റം നേരത്തേയാണ്. വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജ് രവീന്ദ്ര കുമാര്‍ ജോഷി കേസ് പഠിക്കണമെന്നു കാണിച്ച് ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു. ഇദ്ദേഹത്തെ ജോധ്പുരില്‍ നിന്നും സിരോഹിലേക്കാണ് മാറ്റിയത്. പകരം ഭീല്‍വാല ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോങാരയെയാണ് നിയമിച്ചിരിക്കുന്നത്.

ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്. വ്യാഴാഴ്ചയാണ് 1998 ല്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ 106ാം നമ്പര്‍ തടവുകാരനാണ് സല്‍മാന്‍ ഇപ്പോള്‍.

കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ, ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പ്പെടുന്ന കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ നാലാം തവണയാണു സല്‍മാന്‍ ജയിലിലാകുന്നത്. 1998, 2006, 2007 വര്‍ഷങ്ങളിലായി 18 ദിവസം സല്‍മാന്‍ ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.