റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: അന്വേഷണം ഖത്തറിലെ നൃത്താധ്യാപികയിലേക്ക്; സത്താറിനു പങ്കില്ലെന്ന് യുവതി

single-img
7 April 2018

Support Evartha to Save Independent journalism

നാടന്‍പാട്ടുകാരനായ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഖത്തറിലെ നൃത്താധ്യാപികയിലേക്ക്. രാജേഷ് കുമാറിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്ന് നൃത്താധ്യാപിക ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കുടുംബബന്ധങ്ങളുടെ വില നന്നായി അറിയാവുന്നയാളാണു സത്താര്‍. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ സത്താറിനു കഴിയുമെന്നു തോന്നുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്ന സാലിഹ് ബിന്‍ ജലാല്‍ സംഭവ ദിവസങ്ങളില്‍ ഖത്തറില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണു താന്‍ മനസ്സിലാക്കുന്നതെന്നും അവര്‍ പറഞ്ഞു.

രാജേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയതിനു ശേഷം രാജേഷിനെ പലതവണ സാമ്പത്തികമായി സഹായിച്ചിരുന്നു. രാജേഷിന്റെ ഭാര്യയുടെ ആശുപത്രി ചെലവും മകന്റെ ഫീസും വരെ നല്‍കിയിട്ടുണ്ട്. ഇക്കാര്യം രാജേഷിന്റെ സഹോദരിമാര്‍ക്കും അറിയാം.

രാജേഷ് പച്ചയായ ഒരു ഫാമിലിമാനായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരുന്നു. രാജേഷിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം എട്ടൊന്‍പതു മാസം മുന്‍പേ തനിക്കറിയാമായിരുന്നു. പക്ഷേ, എന്നെങ്കിലും ഒരുമിച്ചു കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. എന്റെ വീട്ടുകാരും ഭര്‍ത്താവും എന്നെ ഉപേക്ഷിച്ചു.

എന്റെ ഏക പ്രതീക്ഷ രാജേഷായിരുന്നു. എന്നാല്‍, രാജേഷിനു ചെന്നൈയില്‍ ജോലി ശരിയാക്കിയതു താനല്ലെന്നും അതിനുള്ള ബന്ധങ്ങള്‍ തനിക്കില്ലെന്നും അവര്‍ പറഞ്ഞു. നാലര ലക്ഷം റിയാല്‍ വായ്പയെടുത്ത് ബ്യൂട്ടിപാര്‍ലര്‍ ആരംഭിച്ചതോടെയാണു തന്റെയും സത്താറിന്റെയും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ബിസിനസില്‍ നഷ്ടമുണ്ടാകാനോ, വിവാഹമോചനത്തിലെത്താനോ രാജേഷ് ഒരു കാരണമല്ല. 13 വര്‍ഷമായി ഖത്തറിലാണു സ്ഥിരതാമസം. നാട്ടിലെ ഒരു ഗുണ്ടയെയും അറിയില്ല. രാജേഷിനെ പോലെ നിഷ്‌ക്കളങ്കനായ ഒരാളെ കൊല്ലാന്‍ ഒരു സ്ത്രീയും കൊട്ടേഷന്‍ കൊടുക്കുമെന്നു കരുതുന്നില്ല.

അതേസമയം, തന്റെയും സത്താറിന്റെയും ബിസിനസ് പങ്കാളിയായ ഒരാളുമായി തങ്ങള്‍ക്കു പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാള്‍ രാജേഷിനെ പലതവണ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ രാജേഷുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേയാണ് ആക്രമണമുണ്ടായത്.

ഉടന്‍ തന്നെ രാജേഷിന്റെ അച്ഛനെ മൂന്നു തവണ ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മറ്റൊരു സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തനിക്കു പറയാനുള്ള കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാമെന്നു പൊലീസിനോടു പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.

അതിനിടെ ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം ഇന്നലെ നാടകീയമായി കസ്റ്റഡിയിലെടുത്തു. പെരുമ്പന്‍കുത്തിലെ സ്‌െകെവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്‍സീല്‍, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിെവെ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രാജേഷിനെ വധിക്കാനെത്തിയ ക്വട്ടേഷന്‍ സംഘത്തിനു ചെല്ലും ചെലവും കൊടുത്തത് അബിയും ഹരിയുമാണെന്നു പോലീസ് പറഞ്ഞു. ക്വട്ടേഷനു നേതൃത്വം നല്‍കിയ അലിഭായിയുടെ അടുത്ത സുഹൃത്താണു റിസോര്‍ട്ടു മാനേജര്‍ കൂടിയായ തന്‍സീലെന്നും പോലീസിനു വിവരം ലഭിച്ചു.

വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര്‍ കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. മൂന്നാറില്‍ തങ്ങിയശേഷമാണിതെന്നും പറയപ്പെടുന്നു. അബിയും ഹരിയും സ്‌െകെവാലി റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. ഇവിടെ തങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ആനക്കുളം ചുറ്റിക്കാണാന്‍ പോയി. ഇതിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് അപ്രതീക്ഷിതമായി പോലീസ് സംഘം ചാടിവീണത്.

പ്രതികളെ പിടികൂടി വിലങ്ങണിയിച്ചതോടെ നാട്ടുകാരും പരിഭ്രാന്തരായി. തങ്ങള്‍ പോലീസുകാരാണെന്നും കൊലക്കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാനെത്തിയതാണെന്നും തിരിച്ചറിയല്‍കാര്‍ഡു സഹിതം വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ക്കു കാര്യങ്ങള്‍ മനസിലായത്. പത്തുമിനിറ്റുകൊണ്ട് നടപടിക്രമം പൂര്‍ത്തിയാക്കി പ്രതികളെയുംകൊണ്ടു പോലീസ് മടങ്ങി.