മലപ്പുറത്ത് ഇന്നും സംഘര്‍ഷം; സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി; വീടിനുള്ളില്‍ കയറി കല്ലിടില്ലെന്നു ഡപ്യൂട്ടി കലക്ടര്‍

single-img
7 April 2018

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറത്ത് ഇന്നും സംഘര്‍ഷം. രാവിലെ സര്‍വേ നടപടികള്‍ ആരംഭിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. മലപ്പുറം വെളിമുക്കിലാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

ദേശീയ പാതയിലെ മൂന്ന് വലിയ വളവുകള്‍ നേരേയാക്കുന്നതിന് വേണ്ടി ഇരു വശങ്ങളിലേയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഏതാണ്ട് 30 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരും. ഇവിടെ സര്‍വേ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷമുണ്ടായതോടെ പോലീസ് വീടുകളില്‍ കയറി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു.

സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 32 വീടുകള്‍ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ പ്രതിഷേധം. വീടിനുള്ളില്‍ കയറി കല്ലിടാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ സംഘര്‍ഷമുണ്ടായ തലപ്പാറയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്കാണ് ഇന്ന് സര്‍വേ പുരോഗമിക്കുന്നത്.

എന്നാല്‍ സര്‍വേയ്ക്കിടെ വീടിനുള്ളില്‍ കയറി കല്ലിടില്ലെന്ന് ഡപ്യൂട്ടി കളക്ടര്‍ ജെ.ഒ അരുണ്‍ വ്യക്തമാക്കി. നാല് യൂണിറ്റുകളിലായി സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍വേ ഇതുവരെ തടസപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.

അതേസമയം ഭൂമി ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുന്നതുവരെ ദേശീയപാതയുടെ സര്‍വേ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പൊലീസ് ബലപ്രയോഗം നടത്തിയതു മൂലമാണു കുറ്റിപ്പുറത്തു സംഘര്‍ഷമുണ്ടായത്. ബലപ്രയോഗമില്ലാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി ദുബായില്‍ പറഞ്ഞു.