കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍: സര്‍ക്കാരിന് തിരിച്ചടിയായി ഗവര്‍ണറുടെ നിര്‍ണ്ണായക ഇടപെടല്‍

single-img
7 April 2018

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. ഭരണഘടനയുടെ 200ാം അനുഛേദം അനുസരിച്ചാണ് ബില്‍ തള്ളാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.

‘വിത്ത് ഹോള്‍ഡ്’ എന്ന സന്ദേശം കുറിച്ചാണ് ഗവര്‍ണര്‍ ഫയല്‍ തിരിച്ച് അയച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും. 180 വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താന്‍ ഭരണ പ്രതിപക്ഷ ഐക്യത്തോടെ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നത്. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്. ഗവര്‍ണര്‍ തിരിച്ചയച്ച പശ്ചാത്തലത്തില്‍ ബില്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കാനാണ് സാധ്യത.

ഇന്നലെയാണ് അനുമതി തേടി മെഡിക്കല്‍ പ്രവേശനബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. മറ്റ് ആറു ബില്ലുകള്‍ക്കും 13 ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണു നിയമസെക്രട്ടറി മെഡിക്കല്‍ ബില്ലും ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്. ബില്ലിനാധാരമായ ഓര്‍ഡിനന്‍സ് കഴിഞ്ഞ ദിവസം സുപ്രീംകോടതി തടഞ്ഞിരുന്നു. കോടതി ക്രമവിരുദ്ധമെന്നു കണ്ടെത്തിയ പ്രവേശനം ക്രമപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്.

ബില്ലില്‍ നിയമ, ആരോഗ്യ സെക്രട്ടറിമാര്‍ എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബില്‍ അനുവദിക്കരുതെന്നും അത് കോടതിയലക്ഷ്യമാകുമെന്നും ആരോഗ്യസെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിസ്ഥാനത്തു നില്‍ക്കേണ്ടിവരുമെന്നും കുറിപ്പില്‍ വ്യക്തമാക്കി. നിയമസെക്രട്ടറിയും ബില്ലിനെ എതിര്‍ത്തിരുന്നു. ഇവ രണ്ടുംകൂടി കണക്കിലെടുത്താണ് ഗവര്‍ണറുടെ തീരുമാനം.