National

ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം: ഉദ്ഘാടന മത്സരത്തില്‍ മുംബൈ ചെന്നൈ പോരാട്ടം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശദിനങ്ങള്‍ സമ്മാനിച്ച് ഐപിഎല്‍ പോരാട്ടങ്ങള്‍ ഇനിയുള്ള ദിനങ്ങളില്‍ കത്തിപ്പടരും. പതിനൊന്നാം എഡിഷന്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാകും. വിലക്കിന് ശേഷമെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് ഉദ്ഘാടനപോരാട്ടം. വൈകിട്ട് ആറേകാലിന് ആരംഭിക്കുന്ന ഉദ്ഘാടനചടങ്ങുകള്‍ക്ക് ശേഷം രാത്രി എട്ടിനാണ് മല്‍സരം.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും വരുണ്‍ ധവാനും ചേര്‍ന്നൊരുക്കുന്ന നൃത്തവിരുന്നുണ്ടാകും. മുഴുവന്‍ ക്യാപ്റ്റന്‍മാരും വേദിയിലെത്തുന്ന പതിവ് രീതിക്ക് ഭിന്നമായി മുംബൈ ഇന്ത്യന്‍സിന്റേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും ക്യാപ്റ്റന്‍മാര്‍ മാത്രമേ ഉദ്ഘാടന വേദിയിലെത്തൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും മടങ്ങിയെത്തിയതോടെ ആകെ എട്ടു ടീമുകളാണുള്ളത്. അംപയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡിആര്‍എസ് സംവിധാനവും ഇക്കുറിയുണ്ടാകും. ആകെ 169 കളിക്കാര്‍. ഇതില്‍ 56 പേര്‍ വിദേശികള്‍. പന്ത്രണ്ടരക്കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ബെന്‍ സ്റ്റോക്‌സാണ് ഏറ്റവും വിലയേറിയ വിദേശതാരം.

17 കോടി പോക്കറ്റിലാക്കിയ കോഹ്‌ലിയാണ് മൂല്യത്തില്‍ മുമ്പന്‍. മൂന്ന് തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍. പഞ്ചാബ്, ഡല്‍ഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം തേടിയാണിറങ്ങുന്നത്.

ചാംപ്യന്‍ പകിട്ടില്‍ മുംബൈ ഇറങ്ങുമ്പോള്‍ ആദ്യ മല്‍സരത്തില്‍ കരുത്ത് തെളിയിക്കുകയെന്ന ലക്ഷ്യമാണ് ചെന്നൈക്കുള്ളത്. ഓള്‍ റൗണ്ടര്‍മാരിലും പേസര്‍മാരിലുമാണ് മുബൈയുടെ പ്രതീക്ഷ. രോഹിത് ശര്‍മ, കിറോണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജെപി ഡുമിനി എന്നിവരടങ്ങുന്ന മുംബൈ ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്‍ ചെന്നൈ വിയര്‍ക്കുമെന്നുറപ്പ്.

മികച്ച ഫോമിലുള്ള ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയും ബംഗ്ലദേശിന്റെ മുസ്തഫിസുര്‍ റഹ്മാനുമടങ്ങുന്ന പേസ് നിരയെ ചെന്നൈ ഭയക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്കൊപ്പം ന്യുസിലന്‍ഡിന്റെ മിച്ചല്‍ മക്‌ലീനഘനും ചേരുമ്പോള്‍ ബോളിങ്ങിന്റെ മൂര്‍ച്ച കൂടും. തിരിച്ചുവരവ് ഗംഭീരമാക്കുകയെന്ന ഒറ്റ ലക്ഷ്യമേ ചെന്നൈക്കുള്ളു.

അതുകൊണ്ട് തന്നെ ധോനിയേയും ബ്രാവോയേയും റെയ്‌നയേയും പിടിച്ച്‌കെട്ടാനാകില്ലെന്നുറപ്പ്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുന്‍ഗി എന്‍ഡിയും ന്യൂസിലാന്റ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറിലുമാണ് ചെന്നൈയുടെ പ്രതീക്ഷ. ഇവര്‍ക്കൊപ്പം ഹര്‍ഭജന്‍ സിങും ചേരുമ്പോള്‍ ബോളിങിന്റെ കരുത്ത് കൂടും. ഐപിഎല്ലില്‍ 24 തവണ ഇരു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ 13 തവണ മുംബൈയും 11 വട്ടം ചെന്നൈയും ജയിച്ചു.