സര്‍ക്കാര്‍ ഇളവ് കാണിക്കുമ്പോള്‍ വെല്ലുവിളിച്ച് മാനേജ്‌മെന്റുകള്‍: ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചു; രക്ഷിതാക്കളും നിയമപോരാട്ടത്തിന്

single-img
7 April 2018

ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും കരുണയുമടക്കമുള്ള മെഡിക്കല്‍ കോളേജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്‌മെന്റുകളാണ് കോടതിയിലെത്തിയത്. ഫീസ് 11 ലക്ഷം വേണമെന്നാണ് പുതിയ ആവശ്യം.

നിലവില്‍ രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച 5.6 ലക്ഷമാണ് ഫീസ്. വര്‍ധന നിലവില്‍ വന്നാല്‍ 4000 വിദ്യാര്‍ഥികളെയാകും ഇത് ബാധിക്കുക. 11 മുതല്‍ 13 ലക്ഷം വരെ ഫീസ് വര്‍ധിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. തിങ്കളാഴ്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കും.

ഫീസ് വര്‍ധന പാടില്ലെന്ന് സുപ്രീം കോടതിയില്‍നിന്ന് നിര്‍ദേശമില്ലെന്നും ഫീസ് നിശ്ചയിക്കാന്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

എന്നാല്‍ കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ ഒറ്റയ്ക്ക് ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരുങ്ങുന്നതായാണ് സൂചന. ഫീസ് വര്‍ധന കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.